20 April Saturday

അപകടക്കെണിയായി ദേശീയപാതയിലെ കുഴികൾ; വലഞ്ഞ്‌ ജനം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കൊച്ചി
അധികൃതരുടെ അനാസ്ഥമൂലം മരണക്കെണിയായി തുടരുകയാണ്‌ ദേശീയപാതയിലെ കുഴികൾ. മഴ കനത്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞത്‌ അപകടങ്ങളുടെ എണ്ണം കൂട്ടി. ഗതാഗതക്കുരുക്കും രൂക്ഷം. അപകടം പതിയിരിക്കുന്ന കുഴികൾ നികത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്‌. എൻഎച്ച്‌ 66, എൻഎച്ച്‌ 544, എൻഎച്ച്‌ 85, എൻഎച്ച്‌ 966 ബി എന്നീ നാല്‌ ദേശീയപാതകളാണ്‌ ജില്ലയിലൂടെ കടന്നുപോകുന്നത്‌. ഇതിൽ കന്യാകുമാരിമുതൽ പനവേൽവരെ നീണ്ടുകിടക്കുന്ന എൻഎച്ച്‌ 66ൽ കുണ്ടന്നൂരിലും പാലാരിവട്ടത്തും നിരവധിയിടത്താണ്‌ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്‌. പാലാരിവട്ടം ബൈപാസിൽ മെഡിക്കൽ സെന്ററിനും ഡോൺ ബോസ്കോയ്ക്കും ഇടയിലെ കുഴിയിൽ രാത്രി ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടാറുണ്ട്. തിരക്കുള്ള പാതയായതിനാൽ ഇടപ്പള്ളി മേൽപ്പാലത്തിലെ കുഴികൾമൂലമുള്ള ഗതാഗതക്കുരുക്കും യാത്രക്കാരെ വലയ്‌ക്കുന്നുണ്ട്‌.   
ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ മുനമ്പം കവലമുതൽ പറവൂർ പാലംവരെയുള്ള റോഡിലെ കുഴികൾ ദേശീയപാത അതോറിറ്റി അടച്ചിട്ട്‌ ഏറെനാളായില്ല. ഇവിടെ റോഡിനു നടുക്കായി വീണ്ടും കുഴി രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്‌ പതിവായി. ചെറിയപ്പിള്ളി പാലത്തിനുമുകളിൽ ഇരുഭാഗത്തും ടാർ പൊട്ടിപ്പൊളിഞ്ഞ് കുഴികളായി. കുനമ്മാവ് കവല, വരാപ്പുഴ പാലംമുതൽ ഇടപ്പള്ളിവരെയുള്ളിടത്തെ കുഴികളും അപകടം പതിയിരിക്കുന്നവയാണ്. കുണ്ടന്നൂർമുതൽ ഐലൻഡുവരെ പോകുന്ന 966 ബി ദേശീയപാതയും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്‌. ഇടപ്പള്ളിമുതൽ സേലംവരെയുള്ള എൻഎച്ച്‌ 544ൽ കളമശേരി ഭാഗത്തും കോലഞ്ചേരി–-മൂവാറ്റുപുഴ–-കോതമംഗലം വഴി പോകുന്ന എൻഎച്ച്‌ 85ലും നിരവധി കുഴികളാണുള്ളത്‌. പുത്തൻകുരിശ്‌, വരിക്കോലി, ചൂണ്ടി, പത്താംമൈൽ, മറ്റക്കുഴി, കോലഞ്ചേരി പാതയിൽമാത്രം അമ്പതിലധികം കുഴികൾ. എറണാകുളം–-- മൂവാറ്റുപുഴ റൂട്ടിൽ വെള്ളൂർക്കുന്നം, ഈസ്റ്റ് കടാതി, കടാതി പാലം, കുഞ്ഞിക്കാപ്പടി, മേക്കടമ്പ് പള്ളിത്താഴം, കരവട്ടെ വാളകം പെരുവംമൂഴി എന്നിവിടങ്ങളിലും മൂവാറ്റുപുഴ–കോതമംഗലം റൂട്ടിൽ_കീച്ചേരിപ്പടി, പെരുമറ്റം പാലം, പെരുമറ്റം കവല, കക്കടാശേരി എന്നിവിടങ്ങളിലും കുഴികൾ ഭീഷണിയാണ്‌. നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ്‌ ഹോട്ടൽ കാഷ്യറായിരുന്ന ഹാഷിം മരിച്ചതോടെ പ്രതിഷേധം ശക്തമായതിനാൽ അങ്കമാലി, ചെങ്ങമനാട് മേഖലയിലെ കുഴികൾ ദേശീയപാത അതോറിറ്റി താൽക്കാലികമായി നികത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top