16 September Tuesday

മിൽട്ടനും കുടുംബത്തിനും 
തണലൊരുക്കി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021


മുളന്തുരുത്തി
ഭവനനിർമാണ കമ്മിറ്റി രൂപീകരിച്ചശേഷം പാതിവഴിയിൽ കോൺഗ്രസുകാർ ഉപേക്ഷിച്ച കുടുംബത്തിന് സിപിഐ എം നേതൃത്വത്തിൽ വീട് പണിതുനൽകി. മുളന്തുരുത്തി പഞ്ചായത്ത് ഒന്നാം വാർഡിൽ വേഴപറമ്പ് ലക്ഷംവീട് കോളനിയിൽ ഇല്ലിപ്പറമ്പിൽ വീട്ടിൽ മിൽട്ടനും കുടുംബത്തിനുമാണ് സിപിഐ എം വേഴപറമ്പ്, പള്ളിത്താഴം ടൗൺ ബ്രാഞ്ചുകൾ ചേർന്ന്‌ വീട് പണിതത്.

മുപ്പതുവർഷമായി കോളനിയിൽ അമ്മയ്‌ക്കും രണ്ട് സഹോദരിമാർക്കുമൊപ്പം താമസിച്ചിരുന്ന മിൽട്ടന്റെ വീട് പൊട്ടിപ്പൊളിഞ്ഞ് വാസയോഗ്യമല്ലാതായിരുന്നു. ഈ ഘട്ടത്തിലാണ് കോൺഗ്രസ് നേതാവായ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മൂന്നുവർഷംമുമ്പ്‌ ഭവനനിർമാണ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ഇവർ വീടുപണി പൂർത്തിയാക്കിയില്ല. ഈ ഘട്ടത്തിൽ  മിൽട്ടനും കുടുംബത്തെയും ഇവർ വാടകവീട്ടിലേക്ക് മാറ്റിയിരുന്നു.

സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബത്തിന് വാടക താങ്ങാവുന്നതല്ലായിരുന്നു. ഈ സന്ദർഭത്തിലാണ് സിപിഐ എം പ്രവർത്തകർ വീടുനിർമാണം ഏറ്റെടുത്തത്. പാർടി അംഗങ്ങളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ പൂർത്തിയാക്കി.
നിർമാണം പൂർത്തിയാക്കിയ വീട്ടിൽ  ഗൃഹപ്രവേശ ചടങ്ങുകൾ സിപിഐ എം പ്രവർത്തകരുടെ സാന്നിധ്യത്തിൽ ലളിതമായി നടത്തി. ലോക്കൽ കമ്മിറ്റി അംഗം ബിനു കെ ബേബി, പള്ളിത്താഴം ബ്രാഞ്ച് സെക്രട്ടറി കെ വി ശശി, രാജി റെജി, എ വി ബിനീഷ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top