29 March Friday

ചെറുചിത്രങ്ങൾ തിരിച്ചുപിടിക്കുമോ തിയറ്ററുകളെ ; കൺഫ്യൂഷനിൽ സിനിമാലോകം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021


കൊച്ചി
ആറുമാസത്തെ ഇടവേളയ്‌ക്കുശേഷം 25ന്‌ സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ അനുമതിയായെങ്കിലും റിലീസ്‌ ചെയ്യാൻ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളില്ലാത്തതിന്റെ കൺഫ്യൂഷനിൽ മലയാളസിനിമാ ലോകം. നീണ്ടകാലം അടച്ചിട്ടശേഷം തുറക്കുമ്പോൾ പ്രേക്ഷകരെ തിയറ്ററിലേക്ക്‌ ആകർഷിക്കാൻ സൂപ്പർതാര സിനിമതന്നെ വേണ്ടിവരുമെന്നാണ്‌ തിയറ്റർ ഉടമകളുടെ കണക്കുകൂട്ടൽ. കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ പകുതി എണ്ണംമാത്രം കാണികളെ അനുവദിക്കുന്ന തിയറ്ററിൽ സൂപ്പർതാര സിനിമകൾ റിലീസ്‌ ചെയ്യാൻ നിർമാതാക്കൾക്ക്‌ താൽപ്പര്യമില്ല.

തിയറ്ററുകൾ 25ന്‌ തുറക്കുമെങ്കിലും ഇരുപത്തൊമ്പതിനായിരിക്കും പുതിയ റിലീസ്‌. റിലീസിന്‌ നല്ല അവസരം കാത്തിരിക്കാനാണ്‌ ബിഗ്‌ ബജറ്റ്‌ സിനിമകളുടെ തീരുമാനം. മോഹൻലാലിന്റെ രണ്ട്‌ സിനിമകളാണ്‌ റിലീസിന്‌ തയ്യാറായുള്ളത്‌. തിയറ്ററിൽമാത്രമേ റിലീസ്‌ ചെയ്യൂ എന്നു തീരുമാനിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹ’മാണ്‌ ഒന്ന്‌. മറ്റൊന്ന്‌ ബി ഉണ്ണിക്കൃഷ്‌ണൻ സംവിധാനം ചെയ്ത ‘ആറാട്ട്‌’. രണ്ടും തൽക്കാലം തിയറ്ററിലേക്ക്‌ നൽകേണ്ടെന്നാണ്‌ നിർമാതാക്കളുടെ നിലപാട്‌. പൃഥ്വിരാജിന്റെ ‘ഭ്രമം’ വ്യാഴാഴ്‌ച  ഒടിടിയിൽ റിലീസാകും. ടൊവിനോ നായകനായ ‘മിന്നൽമുരളി’യും ഒടിടി റിലീസ്‌ ഉറപ്പിച്ചു.

ഷെയിൻ നിഗം നായകനായ ഭൂതകാലം, സുരേഷ്‌ ഗോപിയുടെ കാവൽ, ആസിഫ്‌ അലിയുടെ കുഞ്ഞെൽദോ, ആന്റണി വർഗീസ്‌ നായകനായ അജഗജാന്തരം എന്നീ ചിത്രങ്ങളാണ്‌ തിയറ്റർ റിലീസിന്‌ തയ്യാറായുള്ളത്‌. 

അടച്ചിട്ടതിനാൽ സാമ്പത്തികപ്രതിസന്ധിയിലായ തിയറ്ററുകൾക്ക്‌ സർക്കാർ സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കാത്തപക്ഷം, ചെറിയ സിനിമകൾ റിലീസ്‌ ചെയ്‌ത്‌ പ്രദർശനം പുനരാരംഭിക്കാൻ ഉടമകൾക്ക്‌ താൽപ്പര്യക്കുറവുണ്ട്‌. ജനുവരിയിൽ തിയറ്റർ തുറന്നപ്പോൾ സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ ഇക്കുറിയും ഉണ്ടാകുമെന്നുതന്നെയാണ്‌ അവരുടെ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top