19 April Friday
വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാ​ഗമായി ​ഗൃഹസന്ദർശനം

അവരെത്തി, കറുത്ത കാലം വെളിപ്പെടുത്താൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


കൊച്ചി
തൊഴിലില്ലായ്മയും വിലക്കയറ്റവും ഏതെല്ലാംതരത്തിൽ ബാധിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ​ഗ-ൃഹസന്ദർശനം ആരംഭിച്ചു.

കേന്ദ്രസർക്കാരിന്റെ നിലപാടിൽ ഇന്ത്യൻ ജനതയുടെ വാങ്ങൽശേഷി ഞെരുങ്ങുകയാണെന്ന യാഥാർഥ്യം കണക്കുകളിലൂടെ അസോസിയേഷൻ പ്രവർത്തകർ ഓരോ വീട്ടിലുമെത്തി ബോധ്യപ്പെടുത്തി. ഈ സാമൂഹിക, സാമ്പത്തിക സാഹചര്യം സ്ത്രീകളെയും കുട്ടികളെയും എങ്ങനെ ബാധിക്കുന്നുവെന്ന് ലളിതമായി വിശദീകരിച്ചു. ഭക്ഷണത്തിന്റെ പ്രതിശീർഷ ഉപഭോ​ഗം ​ഗണ്യമായി കുറഞ്ഞതും ലോകത്ത് ഏറ്റവുമധികം പട്ടിണിപ്പാവങ്ങളുള്ള രാജ്യമായി ഇന്ത്യ മാറിയതും ​ഗ്ലോബർ ഹം​ഗർ റിപ്പോർട്ടിലൂടെ വ്യക്തമാക്കി. മഹിളാ പ്രവർത്തകരുടെ ലളിതമായ വാക്കുകളിൽ ഇന്ത്യയുടെ അവസ്ഥ വ്യക്തമായതോടെ സ്ത്രീകളും മുതിർന്നവരുമടക്കം, എന്തുകൊണ്ട് ബിജെപി സർക്കാർ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന ചോദ്യമുന്നയിച്ചു.

വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാ​ഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ വ്യാഴാഴ്ചവരെ ​ഗൃഹസന്ദർശനം നടത്തും.
വിലക്കയറ്റം നിയന്ത്രിക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് രണ്ടരലക്ഷംപേരുടെ ഒപ്പുശേഖരിച്ച് രാഷ്‌ട്രപതിക്ക്‌ 25ന് കത്തയക്കും. പൊതുവിതരണ സമ്പ്രദായം സാർവത്രികമാക്കുക, ഭക്ഷ്യസുരക്ഷയ്ക്കായി ബജറ്റ് വിഹിതം വർധിപ്പിക്കുക, പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങളുടെ അളവ് വർധിപ്പിക്കുക, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണ, പഞ്ചസാര തുടങ്ങി 14 അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിലും മണ്ണെണ്ണ ലിറ്ററിന് 15 രൂപയ്ക്കും പൊതുവിതരണ സംവിധാനംവഴി വിതരണം ചെയ്യുക തുടങ്ങി എട്ടിന ആവശ്യങ്ങൾ ഉന്നയിക്കും.

ചെറായി അഴീക്കോടൻ യൂണിറ്റിലെ ഒപ്പുശേഖരണത്തിന് ജില്ലാ സെക്രട്ടറി പുഷ്പ ദാസ് നേതൃത്വം നൽകി. കലൂരിൽ ടി വി അനിത, പുത്തൻവേലിക്കരയിൽ പി എസ് ഷൈല, നോർത്ത് നെല്ലിക്കുഴിയിൽ റഷീദ സലിം, ശ്രീമൂലന​ഗരത്ത്‌ എൻ സി ഉഷാകുമാരി, ഉദയംപേരൂരിൽ ടി കെ ഭാസുരദേവി, ചെറായിയിൽ എം ബി ഷൈനി, വെങ്ങോലയിൽ ജുബൈരിയ ഐസക്, പറവൂരിൽ റീന അജയകുമാർ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top