26 April Friday

കനിവ്‌ ഫിസിയോ തെറാപ്പി
സെന്ററുകൾ 20 ആക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023


കൊച്ചി
രോഗം തളർത്തുന്നവരെ തിരികെ ജീവിതത്തിലേക്ക്‌ നയിക്കുന്ന കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഫിസിയോതെറാപ്പി സെന്ററുകളുടെ എണ്ണം ഇരുപതാക്കും.  മൂവാറ്റുപുഴയിലും കൊച്ചിയിലുമാണ്‌ പുതിയ കേന്ദ്രങ്ങൾ തുറക്കുക. കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനുകീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന തെറാപ്പിസ്‌റ്റുമാരുടെയും തെറാപ്പി സെന്ററുകളിലെ വളന്റിയർമാരുടെയും സംഗമത്തിൽ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡന്റ്‌ സി എൻ മോഹനനാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഫിസിയോതെറാപ്പി സെന്ററുകളുടെ പോരായ്‌മകൾ പരിഹരിക്കാനും വളന്റിയർമാരുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു. ഓരോ സെന്ററിലും 50 വളന്റിയർമാരുടെ സേവനം ഉറപ്പാക്കും. തെറാപ്പി സെന്ററിലെത്തുന്നവരെ സഹായിക്കാനും കിടപ്പുരോഗികളുടെ ശുശ്രൂഷയ്‌ക്കുമായിരിക്കും ഇവരെ നിയോഗിക്കുക. തെറാപ്പിസ്‌റ്റുമാരുടെയും തെറാപ്പി സെന്ററുകളിലെ വളന്റിയർമാരുടെയും മഹാസംഗമം ആഗസ്‌തിൽ നടത്തും.

നിലവിൽ ഒരു സെഷൻ ഫിസിയോതെറാപ്പിക്ക്‌ 500 മുതൽ 700 രൂപവരെയാണ്‌ പുറത്ത്‌ ഈടാക്കുന്നതെന്ന്‌ സംഗമത്തിൽ പങ്കെടുത്ത പാലിയേറ്റീവ്‌ ഡോക്ടർ അതുൽ മാനുവൽ ജോസഫ് പറഞ്ഞു. കനിവ്‌ ഫിസിയോതെറാപ്പി സെന്ററുകളിൽ സൗജന്യ സേവനമാണെന്നും അദ്ദേഹം പറഞ്ഞു. സി എൻ മോഹനൻ സംഗമം ഉദ്‌ഘാടനം ചെയ്‌തു. കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ ട്രഷറർ പി എച്ച്‌ ഷാഹുൽ ഹമീദ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം പി ഉദയൻ, ഡോ. മാത്യൂസ് നുമ്പേലിൽ, ഡോ. സി രോഹിണി, ഡോ. ആർ നിഖിലേഷ്‌ മേനോൻ, ഡോ. അനീഷ്‌ ജോസഫ്‌, നിഷാദ്‌ ബാബു, ഖദീജ മൊയ്തീൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top