25 April Thursday

ഓപ്പറേഷൻ ആഗ് : 86 ഗുണ്ടകളുൾപ്പെടെ 216 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


ആലുവ
റൂറൽ ജില്ല, കൊച്ചി സിറ്റി പൊലീസ് സംഘങ്ങൾ നടത്തിയ ‘ഓപ്പറേഷൻ ആഗി’ൽ 86 ഗുണ്ടകൾ ഉൾപ്പെടെ 216 പേർ പിടിയിലായി. റൂറൽ ജില്ലയിൽ 37 ഗുണ്ടകളുൾപ്പെടെ 107 പേരെയും കൊച്ചി സിറ്റിപൊലീസിനുകീഴിൽ  49 ഗുണ്ടകളുൾപ്പെടെ 109 പേരെയുമാണ്‌ അറസ്‌റ്റ്‌ ചെയ്തത്‌. റൂറൽ ജില്ലയിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒമ്പതുപേർ ഒളിവിൽ കഴിഞ്ഞിരുന്നവരും 61 പേർ ജാമ്യമില്ലാ വാറന്റുള്ളവരുമാണ്. ഒരാളെ കാപ്പ ചുമത്തി ജയിലിലടച്ചു. ഞാറക്കൽ എളങ്കുന്നപ്പുഴ പണിക്കശേരി ലെനീഷിനെയാണ് (37) കാപ്പ ചുമത്തി ജയിലിലടച്ചത്. കാപ്പ നിയമം ലംഘിച്ചതിന് ചേലാമറ്റം വല്ലം സ്രാമ്പിക്കൽ ആദിൽ ഷാനെയും (26) ഓപ്പറേഷൻ ആഗിൽ അറസ്റ്റ് ചെയ്തു. റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്താൻ തീരുമാനിച്ചു.

കാപ്പ ചുമത്തി ജയിലിലടച്ചശേഷം മോചിതരായ 38 പേരെയും നാടുകടത്തൽശിക്ഷ പൂർത്തിയാക്കിയ 49 പേരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാർ, റേഞ്ച് ഡിഐജി എ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാമൂഹ്യവിരുദ്ധരുടെ പട്ടികയിലുള്ള 200 പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഹോട്ടലുകളിലും ബാറുകളിലും ലോഡ്‌ജുകളിലും പരിശോധനയുണ്ടായി. ബാറുകൾ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഡിജെ പാർടികൾ നടത്തുന്നയിടങ്ങളിലും പരിശോധനയുണ്ടായിരുന്നു.

കൊച്ചി സിറ്റി പൊലീസ് 49 ഗുണ്ടകൾക്കുപുറമേ വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളായ ആറുപേരെയും പ്രതികളായ 12 പേരെയും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട്‌ 41 കേസുകളിൽ 42 പേരെയും അറസ്റ്റ് ചെയ്തു. മദ്യപിച്ച്‌ വാഹനം ഓടിച്ച 280 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് കമീഷണർ കെ സേതുരാമന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണർ എസ് ശശിധരന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി, എറണാകുളം, എറണാകുളം സെൻട്രൽ, തൃക്കാക്കര മേഖലകളിലാണ്‌ ശനി രാത്രി പരിശോധന നടത്തിയത്‌. വരുംദിവസങ്ങളിലും പരിശോധന തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top