20 April Saturday

പണ്ടപ്പിള്ളിയിൽ തകർന്ന കനാൽ നിർമാണം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


മൂവാറ്റുപുഴ
മൂവാറ്റുപുഴവാലി ഇറിഗേഷൻ പദ്ധതിയുടെ (എംവിഐവി) ബ്രാഞ്ച് കനാൽ പണ്ടപ്പിള്ളിയിൽ തകർന്ന ഭാഗത്തെ നിർമാണം പുരോഗമിക്കുന്നു. കനാൽ തകർന്ന 20 മീറ്റർ ഭാഗത്ത് കല്ലും മണ്ണും നീക്കി. കനാലിന്റെ ഇരുഭാഗവുമായി ബന്ധിപ്പിച്ച് 30 മീറ്റർ നീളത്തിൽ പുനർനിർമിക്കും. ഇതിന്റെ ഭാഗമായി മൂന്ന് മീറ്റർ ഉയരത്തിൽ ഒന്നേമുക്കാൽ മീറ്റർ വീതിയിൽ കോൺക്രീറ്റ് നിർമാണം പൂർത്തിയാകാറായി. തകർന്ന ഭാഗവും മറുവശവും പൊളിച്ചുനീക്കി ഇവിടം കമ്പി ഉപയോഗിച്ച് ബലപ്പെടുത്തി കനാൽ നിർമിക്കും.

പണ്ടപ്പിള്ളിയിൽനിന്ന് തുടങ്ങി ആരക്കുഴ, പെരുമ്പല്ലൂർ, മുതുകല്ല്, കാക്കൂച്ചിറ, ഈസ്റ്റ് മാറാടി, മണിയങ്കല്ല്, പാറത്തട്ടാൽ, സൗത്ത് മാറാടി, ശൂലം ഭാഗത്തുകൂടി കായനാട് ശൂലംതോട്ടിൽ അവസാനിക്കുന്ന അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കനാൽ. ജലക്ഷാമം രൂക്ഷമാകുന്നതിനുമുമ്പ് നിർമാണം പൂർത്തിയാക്കി കനാലിൽ വെള്ളമൊഴുക്കാനാണ് പദ്ധതി.

എംവിഐപി അധികൃതർ 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതു പ്രകാരമാണ് നിർമാണം തുടങ്ങിയത്. വേനൽ കടുത്താൽ കനാൽ പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലും ജലസേചനം അവതാളത്തിലാകും. ആരക്കുഴ, മാറാടി പഞ്ചായത്തുകളിലെ നൂറുകണക്കിന് ഹെക്ടർ കൃഷിഭൂമിയിൽ ജലസേചന സൗകര്യം ലഭിക്കാതെ കൃഷികൾ നശിക്കും. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളക്ഷാമമുണ്ടാകും.നിർമാണം പൂർത്തിയാക്കി ഉടൻ തുറന്നുകൊടുക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ഈ മാസംതന്നെ ജലവിതരണം നടത്തുമെന്ന് എംവിഐപി എക്സിക്യൂട്ടീവ് എൻജിനിയർ സി എൻ രഞ്ജിത പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top