19 December Friday

ജലമെട്രോ ഹിറ്റ്‌ ; യാത്രികർ 
10 ലക്ഷത്തിലേക്ക്‌ , നവംബറിൽ സൗത്ത്‌ ചിറ്റൂർ സർവീസ്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023



കൊച്ചി
കൊച്ചിയുടെ അടയാളമായി മാറിയ ജലമെട്രോയിൽ യാത്രചെയ്‌തവരുടെ എണ്ണം ആറുമാസത്തിനകം 10 ലക്ഷത്തിലേക്ക്‌. ഏപ്രിൽ 26ന്‌ ഹൈക്കോടതിക്കും വൈപ്പിനുമിടയിൽ ആദ്യസർവീസ്‌ ആരംഭിച്ച  ജലമെട്രോയിൽ അഞ്ചുമാസത്തിനിടെ യാത്രചെയ്‌തത്‌ 9, 50,000ലേറെപ്പേരാണ്‌. പ്രതിദിന യാത്രികരുടെ ശരാശരി എണ്ണം 5000–-6000നുമിടയിലാണ്‌. ഇതോടെ ഒരാഴ്‌ചയ്‌ക്കകം ജലമെട്രോയിൽ യാത്രികരുടെ എണ്ണം 10 ലക്ഷത്തിലേക്ക്‌ എത്തുമെന്നാണ്‌ കണക്കാക്കുന്നത്‌.

ലക്ഷം ലക്ഷം പിന്നാലെ
പ്രവർത്തനമാരംഭിച്ച്‌ അഞ്ചുമാസം പിന്നിടുമ്പോഴും ജലമെട്രോയിൽ യാത്ര ചെയ്യാനെത്തുന്നവരുടെ എണ്ണത്തിൽ അൽപ്പംപോലും കുറവുണ്ടായിട്ടില്ല. കൊച്ചിയിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറാനും ജലമെട്രോയ്‌ക്ക്‌ കഴിഞ്ഞതായി ഉത്സവകാല തിരക്ക്‌ തെളിയിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ പതിവിലും കൂടുതലാണ്‌ രണ്ട്‌ റൂട്ടുകളിലും യാത്രാത്തിരക്ക്‌. കൂടുതൽ റൂട്ടുകളിൽ ജലമെട്രോ സർവീസ്‌ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്‌.

ബോൾഗാട്ടിയിലേക്കും
മൂന്ന്‌ റൂട്ടുകളിലാണ്‌ ഇപ്പോൾ ജലമെട്രോ സർവീസുള്ളത്‌. ഹൈക്കോടതി–-വൈപ്പിൻ, വൈറ്റില–-കാക്കനാട്‌ റൂട്ടുകൾക്കുപുറമെ ഹൈക്കോടതി–-ബോൾഗാട്ടി റൂട്ടിൽ രണ്ടാഴ്‌ചമുമ്പ്‌ സർവീസ്‌ ആരംഭിച്ചിരുന്നു. 20 രൂപയാണ്‌ ബോൾഗാട്ടിയിലേക്കുള്ള ടിക്കറ്റ്‌ നിരക്ക്‌. കൂടുതലായി എത്തുന്ന യാത്രികരുടെകൂടി ആവശ്യം പരിഗണിച്ചാണ്‌ ബോൾഗാട്ടിയിലേക്ക്‌ ചെറിയ റൂട്ട്‌ സർവീസ്‌ ആരംഭിച്ചതെന്ന്‌ ജലമെട്രോ ചീഫ്‌ ഓപ്പറേറ്റിങ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു. ദിവസേന 10 ട്രിപ്പുകളാണുള്ളത്‌. സൗത്ത്‌ ചിറ്റൂർ റൂട്ടിന്റെ ഭാഗമാണ്‌ ബോൾഗാട്ടി ജെട്ടി.

സൗത്ത്‌ ചിറ്റൂരിലേക്ക്‌ നവംബറോടെ
ജലമെട്രോയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള മൂന്നാമത്തെ സർവീസായിരിക്കും സൗത്ത്‌ ചിറ്റൂരിലേക്കുള്ളത്‌. ഹൈക്കോടതി ജെട്ടിയിൽനിന്ന്‌ ആരംഭിച്ച്‌ ബോൾഗാട്ടിയിൽ എത്തി താന്തോണി തുരുത്ത്‌, പൊന്നാരിമംഗലം, മുളവുകാട്‌, കുറുങ്കോട്ട, വടുതല എന്നിവിടങ്ങളിലൂടെ സൗത്ത്‌ ചിറ്റൂരിലേക്ക്‌ എത്തുന്നതാണ്‌ ഈ റൂട്ട്‌. ഇത് നവംബറിൽ തുടങ്ങും. ഫോർട്ട്‌ കൊച്ചിയിലേക്കുള്ള സർവീസും വൈകാതെ ആരംഭിക്കും. ടെർമിനൽ പൂർത്തിയായെങ്കിലും ഫ്ലോട്ടിങ് പോണ്ടൂൺ  സ്ഥാപിച്ചിട്ടില്ല. കൂടുതൽ ബോട്ടുകളും എത്തേണ്ടതുണ്ട്‌.

കൂടുതൽ 
ബോട്ടുകളെത്തും
ഒന്നാംഘട്ടമായി കൊച്ചി കപ്പൽശാല നിർമിച്ചുനൽകേണ്ട 23 ജലമെട്രോ ബോട്ടുകളിൽ 12 എണ്ണമാണ്‌ കൈമാറിയത്‌. ശേഷിക്കുന്ന 11 എണ്ണത്തിൽ ചിലതുകൂടി ഡിസംബറോടെ കൈമാറും. ഒക്‌ടോബറിനുള്ളിൽ 23 ബോട്ടുകളും കൈമാറണമെന്നായിരുന്നു കരാർ. ഉപകരാർ കമ്പനികൾ നേരിട്ട പ്രതിസന്ധി കപ്പൽശാലയുമായുള്ള കരാറിനെയും ബാധിച്ചു. ബോട്ടുകളുടെ ഉൾഭാഗത്തെ നിർമാണങ്ങൾക്ക്‌ ഉപകരാറെടുത്ത കമ്പനികൾക്കുണ്ടായ പ്രതിസന്ധിയാണ്‌ തടസ്സമായത്‌. പ്രതിസന്ധി നീങ്ങി നിർമാണം പുനരാരംഭിച്ചതോടൊപ്പം ബോട്ടുകൾ കൈമാറാനുള്ള സമയപരിധി 2024 ഫെബ്രുവരിവരെ നീട്ടി.  

മട്ടാഞ്ചേരിക്ക്‌ ടെൻഡർ
ചേരാനല്ലൂർ, ഏലൂർ ടെർമിനലുകളുടെയും നിർമാണം പൂർത്തിയായി. മട്ടാഞ്ചേരി ജെട്ടി നിർമാണം ഉപേക്ഷിച്ചതാണെങ്കിലും വീണ്ടും ടെൻഡർ വിളിച്ചിരിക്കുകയാണ്‌. വാട്ടർ മെട്രോ ലിമിറ്റഡ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ വീണ്ടും ടെൻഡർ വിളിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top