19 December Friday

സൈറൺ കേട്ട് ഭയക്കേണ്ട, വീഡിയോ 
കണ്ടതിന്‌ പിഴ വാങ്ങില്ല

ശ്രീരാജ് ഓണക്കൂർUpdated: Thursday Oct 5, 2023


കൊച്ചി
‘നിങ്ങളെ സൈബർ പൊലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റിൽ 29,900 രൂപ പിഴ ഓൺലൈനായി നൽകുക. ഇല്ലെങ്കിൽ നിങ്ങളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്യും’ വെബ്‌സൈറ്റുകൾ പരതുമ്പോൾ ഇത്തരം സന്ദേശം ലഭിച്ചാൽ ഭയപ്പെടേണ്ട. സൈബർ തട്ടിപ്പുകാരുടെ ചതികളിൽ ഒന്നാണിത്‌. അശ്ലീല വെബ്‌സൈറ്റുകളിൽ വീഡിയോ കാണുമ്പോഴും ഡൗൺലോഡ്‌ ചെയ്യുമ്പോഴും പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ടൊറന്റ്‌ വെബ്‌സൈറ്റുകളിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്യുമ്പോഴുമാണ്‌ സന്ദേശം ലഭിക്കുക. ഒരു പോപ് അപ് വിൻഡോയാണ്‌ ആദ്യം വരിക. കേന്ദ്ര സർക്കാരിന്റയോ അന്വേഷണ ഏജൻസികളുടെയോ ലോഗോയുള്ള വെബ്‌സൈറ്റ്‌ എന്ന്‌ തോന്നിക്കുന്നതാകും വിൻഡോ. ഭീതി കൂട്ടാൻ സൈറണിന്റെ ശബ്‌ദവുമുണ്ടാകും.

ഇത്തരം വെബ്‌സൈറ്റുകളിൽ കയറുന്നത്‌ ഇന്ത്യൻ നിയമപ്രകാരം തെറ്റാണെന്നും ശിക്ഷാർഹമാണെന്നും സന്ദേശം ലഭിക്കും. നിങ്ങളുടെ ബ്രൗസർ ബ്ലോക്ക്‌ ചെയ്‌തിരിക്കുന്നുവെന്നും പറയും. പിഴപ്പണം ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാർഡുകൾവഴി അടയ്‌ക്കാനുള്ള സൗകര്യം സൈറ്റിലുണ്ടാകും. സൈറണിന്റെ സാന്നിധ്യത്തിൽ പിഴ അടച്ചില്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന ഫോണിലെയോ ലാപ്‌ടോപ്പിലെയോ വിവരങ്ങൾ നഷ്ടമാകുമെന്ന ഭീഷണിയുമുണ്ടാകും.

പലരും നാണക്കേടോർത്ത്‌ പണം നൽകും. ഇത്തരക്കാരിൽനിന്ന്‌ തട്ടിപ്പുസംഘം വീണ്ടും പണം ആവശ്യപ്പെടും. പണം നൽകാനാകാത്ത, നാണക്കേട്‌ ഭയന്ന്‌ ചിലർ ആത്മഹത്യയുടെ വഴിതേടും. ഇത്തരം കേസുകൾ കേരളത്തിൽ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ‘ബ്രൗസർ ഇൻ ദി ബ്രൗസർ അറ്റാക്ക്‌’എന്ന തട്ടിപ്പ്‌ രീതിയാണ്‌ സൈബർ തട്ടിപ്പുസംഘം ഇതിനായി ഉപയോഗിക്കുന്നത്‌. നിയമാനുസൃത വെബ്‌സൈറ്റാണെന്ന്‌ തോന്നിപ്പിക്കുന്ന വിൻഡോ നിർമിക്കാനാണ്‌ സൈബർ കുറ്റവാളികൾ ഈ രീതി ഉപയോഗിക്കുന്നത്‌. ഇത്തരത്തിൽ ആരോടും സൈബർ പൊലീസോ അന്വേഷണ ഏജൻസികളോ പണം വാങ്ങില്ലെന്ന യാഥാർഥ്യമാണ്‌ ആദ്യം തിരിച്ചറിയേണ്ടത്‌.

ഇത്തരം തട്ടിപ്പ്‌ സന്ദേശം ലഭിച്ചാൽ ഉടൻ അടുത്തുള്ള സൈബർ ക്രൈം പൊലീസ്‌ സ്‌റ്റേഷനിലോ 1930 എന്ന നമ്പറിലോ പരാതിപ്പെടണമെന്ന്‌ സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌ തരുന്നു. അബദ്ധംപറ്റിയവർ സാധാരണ പരാതി നൽകാറില്ല. എന്നാൽ, ഇത്തരം അനുഭവമുണ്ടായതായി പലരും വിളിച്ചുപറയാറുണ്ടെന്ന്‌ സൈബർ വിദഗ്‌ധൻ ജിയാസ്‌ ജമാൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top