കളമശേരി
എച്ച്എംടി ജങ്‌ഷൻ വികസനപദ്ധതി വേഗത്തിലാക്കണമെന്ന് മന്ത്രി പി രാജീവ് നിർദേശിച്ചു. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കണം. അപ്പോളോ ജങ്‌ഷനിലെ ഉൾപ്പെടെയുള്ളവ പുനക്രമീകരിക്കാൻ ദേശീയപാത അതോറിറ്റി, പൊലീസ് എന്നിവർക്ക് നിർദേശം നൽകി. പൊട്ടിപ്പൊളിയുന്ന റോഡുകളിൽ 15 ദിവസത്തിനുള്ളിൽ ശാശ്വതപരിഹാരം കാണുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
യു ടേണുകൾ കുറച്ച് മീഡിയൻ ഭംഗിയാക്കുന്നതിന് നടപടി സ്വീകരിക്കും. ജങ്‌ഷനിലെ ഓട്ടോകളുടെ പാർക്കിങ് ക്രമീകരിക്കാനും മറ്റു വാഹനങ്ങളുടെ പാർക്കിങ് നിയന്ത്രിക്കാനും നിർദേശിച്ചു. വിദ്യാലയങ്ങളുടെ മുന്നിലെ അനധികൃത പാർക്കിങ് ഒഴിവാക്കും. ആര്യാസ് ജങ്‌ഷനിലെ സിഗ്നലിൽ മാറ്റം വരുത്തണം. ഗതാഗത തടസ്സം കൂടുതലുള്ള സമയത്ത് നേരിട്ട് നിയന്ത്രിക്കണം.
മാലിന്യം വലിച്ചെറിയുന്നത് തടയാൻ കാമറ സ്ഥാപിക്കണം. കാനകളിൽ അടിഞ്ഞുകൂടിയ ചളിയും മാലിന്യവും കോർപറേഷൻ സക്‌ഷൻ കം ജെറ്റിങ് യന്ത്രം ലഭ്യമാക്കി മുനിസിപ്പാലിറ്റി, എൻഎച്ച്എഐ, മെട്രോ എന്നിവയുടെ സഹകരണത്തോടെ നീക്കണം. ടിവിഎസ് ജങ്‌ഷനിൽ കലുങ്ക് നിർമിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. ജങ്‌ഷനിലെ അനധികൃത കൈയേറ്റങ്ങളും മറ്റും ഒഴിവാക്കുന്നതിന് അതിർത്തി രേഖപ്പെടുത്താൻ റവന്യു വകുപ്പിനോട് നിർദേശിച്ചു. യോഗത്തിൽ കലക്ടർ എൻ എസ് കെ ഉമേഷ്, നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, എ എം യൂസഫ്, ആസൂത്രണസമിതി അംഗം ജമാൽ മണക്കാടൻ, കെ ബി വർഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..