29 March Friday

വൃത്തിയാക്കിയതിനാൽ വെള്ളക്കെട്ട്‌ തടയാൻ കഴിഞ്ഞു: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


കൊച്ചി
നഗരത്തിലെ കാനകൾ വൃത്തിയാക്കിയതിനാൽ വെള്ളക്കെട്ട്‌ തടയാൻ കഴിഞ്ഞെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. ചെറിയ പരിശ്രമം കൊണ്ടുതന്നെ വെള്ളക്കെട്ട്‌ ഒഴിവാക്കാനായെന്നിരിക്കെ, കോർപറേഷൻ കണ്ണും കാതും തുറന്നിരുന്നാൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വെള്ളക്കെട്ട് തടയണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.

നഗരത്തിലെ തോടുകളിലും ഓടകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി കോർപറേഷനും പൊലീസിനും നിർദേശം നൽകി. കേസെടുക്കാൻ നിർദേശിച്ച കോടതി, സിറ്റി പൊലീസ് കമീഷണറെ കക്ഷിചേർത്തു. കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെയും നടപടി വേണം. ഇതിന്‌ കലക്ടർ മേൽനോട്ടം നടത്തണം.

സ്ലാബുകളും മൂടികളും ആളുകൾ എടുത്തുകൊണ്ടുപോകുന്നുണ്ടെന്നും മാലിന്യം തള്ളുന്നത് തടയാൻ രാത്രി സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും കോർപറേഷൻ അറിയിച്ചു. മുല്ലശേരി കനാലിന്റെ പണി എത്രയുംവേഗം തീർക്കണം.  കാനകൾ പതിവായി വൃത്തിയാക്കണം. കാനകളിലെയും കലുങ്കുകളിലെയും തടസ്സങ്ങളും നീക്കണം. പ്രവർത്തനങ്ങളുടെ പ്രതിവാര റിപ്പോർട്ട്‌ നൽകാനും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ്‌ പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top