കൊച്ചി
മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട മാലിന്യശേഖരണത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകൾ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചതായി മേഖലാ അവലോകനയോഗം വിലയിരുത്തി. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കക്കൂസ്‌മാലിന്യം അടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നത് പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. മാലിന്യസംസ്‌കരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പിഴയടക്കം നടപടികൾ കർശനമായി തുടരും.
ജില്ലകളിൽ എഫ്‌എസ്‌ടി (ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ്) പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കലക്ടർമാർ അറിയിച്ചു. ഓരോ ജില്ലയിലും വാഹനത്തിൽ സ്ഥാപിക്കുന്ന എഫ്എസ്ടിപികളും പുരോഗമിക്കുകയാണ്.
മാലിന്യമുക്ത നവകേരളം, അതിദാരിദ്ര്യ നിർമാർജനം, ഹരിതകേരളം മിഷൻ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി അവതരണം തദ്ദേശഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർവഹിച്ചു. വിദ്യാകിരണം പുരോഗതി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് അവതരിപ്പിച്ചു. തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ലൈഫ് മിഷൻ പദ്ധതി അവതരണം നടത്തി. ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി അശോക്‌കുമാർ സിങ് ജൽ ജീവൻ മിഷൻ അവതരിപ്പിച്ചു. മലയോര, തീരദേശ ഹൈവേ പദ്ധതികളുടെ പുരോഗതി പൊതുമരാമത്ത് സെക്രട്ടറി കെ ബിജു അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..