വൈപ്പിൻ
ചെല്ലാനം മറവക്കാട് ഭാഗത്ത് മീൻപിടിത്തത്തിനിടെ വള്ളംമറിഞ്ഞ് കടലിൽ വീണ മൂന്നു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ചെല്ലാനം ഭാഗത്തേക്കുപോയ ശ്രീ മുത്തപ്പൻ എന്ന വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു. കടലിൽ വീണവരെ ചൊവ്വ രാവിലെ ഏഴോടെ അതുവഴിവന്ന അനിൽ എന്ന മീൻപിടിത്ത ബോട്ടിലുള്ളവരാണ് രക്ഷിച്ചത്.
ഈ വിവരം വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ പ്രത്യാശ മറൈൻ ആംബുലൻസിൽ മൂന്നുപേർക്കും പ്രഥമ ശുശ്രൂഷ നൽകി കരയിലേക്ക് കൊണ്ടുവന്നു. വളപ്പ് അഞ്ചലശേരി എ പി രമണൻ (50), മാലിപ്പുറം കൊല്ലംപറമ്പിൽ കെ ബി നടേശൻ (52), ഞാറക്കൽ യശോദപറമ്പിൽ ഷാജി (54) എന്നിവരാണ് കടലിൽ വീണത്. വൈദ്യപരിശോധനയ്‌ക്കായി മാലിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. മറിഞ്ഞ വള്ളം മറൈൻ ആംബുലൻസിൽ കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ച് അറ്റകുറ്റ പണികൾക്കായി കൈമാറി. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ പി അനീഷ്, സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് സംഗീത് ജോബ് എന്നിവരുടെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്‌മെന്റ് വൈപ്പിൻ വിങ്ങിലെ എഎസ്ഐ കെ ഷിജു, റെസ്ക്യൂ ഗാർഡുമാരായ ഷെല്ലൻ, ഷെയ്ക്ക് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..