ആലുവ
മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാർ താമസിക്കുന്ന സ്ഥലത്തുനിന്ന് 11 മൊബൈൽഫോണുകൾ മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. പശ്ചിമബംഗാൾ പൊക്കാരിയ സ്വദേശി അലി മുഹമ്മദ് (20), ഗോൽപൊക്കാർ സ്വദേശി അഖിൽ (22) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാർ താമസിക്കുന്ന കമ്പനിപ്പടിയിലുള്ള വാടകവീട്ടിൽനിന്ന് 23ന് രാത്രിയാണ് 11 ഫോണുകൾ ഇവർ മോഷ്ടിച്ചത്. രണ്ടെണ്ണം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപം വിറ്റതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മറ്റു ഫോണുകളും ഇതേ കടയിൽ വിൽക്കാനെത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. മൊബൈൽ വിറ്റുകിട്ടുന്ന പണവുമായി രാത്രിതന്നെ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതികൾ. പിടിയിലാകുമ്പോൾ ട്രെയിൻ ടിക്കറ്റുമുണ്ടായിരുന്നു. ആളുകൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലം പകൽസമയം കണ്ടുവച്ച് രാത്രി ഇവരുടെ മൊബൈലും മറ്റും ഒരുമിച്ച് മോഷ്ടിക്കുകയാണ് രീതി. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലാണ് പതിവായി മോഷണം നടത്തുന്നത്. ഒരുസ്ഥലത്ത് സ്ഥിരമായി താമസിക്കുന്ന സ്വഭാവം ഇവർക്കില്ല. മൊബൈലുകൾ ബംഗാളിൽ എത്തിച്ച് ഐഎംഇഐ നമ്പറുകൾ മാറ്റിയാണ് ഇവർ വിൽപ്പന നടത്തുന്നത്. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത പ്രതികൾ മോഷ്ടിച്ചുകിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. എറണാകുളത്തും സമാന സ്വഭാവത്തിലുള്ള മോഷണത്തിന് ഇവർക്കെതിരെ കേസുണ്ട്. ആലുവ എസ്എച്ച്ഒ എം എം മഞ്ജുദാസ്, എസ്ഐ എസ് എസ് ശ്രീലാൽ, എഎസ്ഐ പി എ അബ്ദുൾ റഹ്മാൻ തുടങ്ങിയവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..