കവളങ്ങാട്
പോത്താനിക്കാട് പഞ്ചായത്ത് 13–-ാംവാർഡിലെ ആശാൻപാറ ക്രോസ് റോഡ് എന്നറിയപ്പെടുന്ന പുളിന്താനം ഷാപ്പുംപടി ക്രോസ് റോഡ് വ്യക്തി കരിങ്കല്ലിട്ട് മൂടി. ഒരുമാസമായി വഴി തടസ്സപ്പെടുത്തിയനിലയിലാണ്. ഇപ്പോൾ ഇരുചക്രവാഹനംപോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്.
ഏകദേശം ആറുമീറ്റർ വീതിയുള്ള റോഡ് നിലവിൽ ജില്ലാപഞ്ചായത്തിന്റെ 15 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് നിർമാണം പൂർത്തിയായിരിക്കുകയാണ്. 100 മീറ്റർ കോൺക്രീറ്റ് ചെയ്യാനുമുണ്ട്. ഈ ഭാഗത്താണ് സ്വകാര്യവ്യക്തി കരിങ്കല്ലിട്ട് റോഡ് മൂടിയത്. പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടും കല്ല് മാറ്റാൻ തയ്യാറാകുന്നില്ല. 50 വർഷത്തിലേറെ പഴക്കമുള്ള, പഞ്ചായത്ത് രേഖയിലുള്ള റോഡിൽ ഇത്രയും വലിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഇടപെടാൻ യുഡിഎഫ് ഭരിക്കുന്ന പോത്താനിക്കാട് പഞ്ചായത്ത് ഭരണസമിതിക്കോ സെക്രട്ടറിക്കോ കഴിഞ്ഞിട്ടില്ല.
പ്രദേശത്തെ വാർഡ് അംഗവും യുഡിഎഫുകാരനാണ്. നിലവിൽ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയിലെ അനൈക്യമാണ് നടപടിയെടുക്കാത്തതിന് പിന്നിലെന്നാണ് ആക്ഷേപം. റോഡിലെ തടസ്സങ്ങൾ നീക്കി റോഡ് അടച്ചുപൂട്ടിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പോത്താനിക്കാട് ലോക്കൽ സെക്രട്ടറി എ കെ സിജു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..