29 March Friday

മേളം പൂത്തു, പവിഴമല്ലിച്ചോട്ടിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022


ചോറ്റാനിക്കര
മേളപ്പെരുക്കത്തിൽ ആസ്വാദകരുടെ മനം കവർന്ന് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നടൻ ജയറാമിന്റെ പ്രമാണത്തിൽ പവിഴമല്ലിത്തറ മേളം. രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം നടത്തിയ രണ്ടരമണിക്കൂർ നീണ്ട പവിഴമല്ലിത്തറമേളം ആസ്വദിക്കാൻ നിരവധിപേരാണ് എത്തിയത്. നവരാത്രി ഉത്സവത്തിന്റെ എട്ടാംദിവസമായ ദുർഗാഷ്ടമി നാളിൽ അരങ്ങേറിയ പവിഴമല്ലിത്തറമേളത്തിൽ 151 കലാകാരന്മാരാണ് അണിനിരന്നത്. 2010ൽ ദുർഗാഷ്ടമി ദിവസം ദീപാരധനയ്ക്കുശേഷമാണ് ആദ്യമായി പവിഴമല്ലിത്തറയിൽ ജയറാമിന്റെ നേതൃത്വത്തിൽ മേളം ആരംഭിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ 2020, 21 വർഷത്തിൽ ജയറാം എത്തിയില്ലെങ്കിലും സത്യൻ നാരായണമാരാരുടെ പ്രമാണത്തിൽ മേളം മുടക്കമില്ലാതെ നടന്നു. ഇത്തവണ 17 ഇടന്തല, 41 വലന്തല, 39 താളം, 27 കൊമ്പ്, 25 കുഴൽ എന്നിവയോടുകൂടെയാണ് മേളം അരങ്ങേറിയത്. ജയറാമിന്റെ ഇടത്തേക്കൂട്ട് ആനിക്കാട് കൃഷ്ണകുമാറും ഇലത്താളത്തിൽ ചോറ്റാനിക്കര സഹോദരങ്ങളായ ചോറ്റാനിക്കര ജയകുമാറും ചോറ്റാനിക്കര സുനിൽകുമാറും കുഴലിൽ പെരുവാരം സതീശനും വലന്തല തിരുവാങ്കുളം രഞ്ജിത്തും കൊമ്പിന് മച്ചാട് ഹരിദാസും പ്രമാണിമാരായി. ജയറാമിന്റെ മകൾ മീനാക്ഷിയും ക്ഷേത്രത്തിൽ എത്തിയിരുന്നു.

ചൊവ്വ രാവിലെ 8.30ന് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും രാത്രി 8.30ന് ചോറ്റാനിക്കര വിജയൻമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യത്തോടെ വിളക്കിനെഴുന്നള്ളിപ്പും നടക്കും. പൂജയെടുപ്പ്, മേൽശാന്തി ദാമോദരൻനമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ബുധൻ രാവിലെ എട്ടിന്‌ സരസ്വതീമണ്ഡപത്തിൽ നടക്കും. രാവിലെ 8.30ന് വിദ്യാരംഭം, എഴുത്തിനിരുത്തൽ എന്നിവയുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top