24 April Wednesday

വീടൊരു താമരപ്പാടമാക്കി പ്രവീണ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022



ആലങ്ങാട്
കുളങ്ങളിലും ജലാശയങ്ങളിലും മാത്രം വളർന്നിരുന്ന താമര വീട്ടുവളപ്പിലും മട്ടുപ്പാവിലും വിരിയിക്കുകയാണ് നീറിക്കോട് കളവപ്പിള്ളി വീട്ടിൽ പ്രവീണ എന്ന കർഷക. പച്ചക്കറിക്കൃഷി ചെയ്തിരുന്നെങ്കിലും രണ്ടു വർഷംമുമ്പാണ് താമരക്കൃഷിയിലേക്ക് തിരിഞ്ഞത്. ഒമ്പതുതരം താമര ഇനങ്ങളാണ് തുടക്കത്തിൽ കൃഷി ചെയ്തത്. നിലവിൽ പ്രവീണയുടെ വീട്ടുമുറ്റത്തും  മട്ടുപ്പാവിലുമായി 39 ഇനം താമരകൾ വിരിഞ്ഞുനിൽക്കുന്നുണ്ട്.

താമരക്കിഴങ്ങുകൾ ഓൺലൈനിൽ വരുത്തി വീട്ടുമുറ്റത്താണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയത്. പ്ലാസ്റ്റിക് പാത്രത്തിൽ ചെളിയും വളവും നിറച്ച് താമരയുടെ കിഴങ്ങുകളും, വിത്തും നടുന്നതാണ്  കൃഷിരീതി. മനോഹരമായ താമരപ്പൂക്കൾ വീട്ടുമുറ്റത്ത് വിരിഞ്ഞുനിന്നതോടെ ആത്മവിശ്വാസം ഏറി. താമരകളുടെ കിഴങ്ങുകൾ, വിത്തുകൾ, റണ്ണർ എന്നിവ ആവശ്യക്കാർക്ക് വിൽപ്പന നടത്തിയും പ്രവീണ വരുമാനം കണ്ടെത്തുന്നുണ്ട്. സമൂഹമാധ്യമങ്ങൾവഴി അറിഞ്ഞാണ് ആവശ്യക്കാർ കൂടുതലും എത്തുന്നത്. ആവശ്യക്കാർക്ക് കൊറിയർവഴിയും എത്തിച്ചുനൽകും.

അഖില, സാറ്റാ ബൗൺഗട്ട്, അമേരി കാമെലിയ, വൈറ്റ് പിയോണി, എല്ലോ പിയോണി, പിങ്ക് കോൾഡ് എന്നീ താമരകളും ട്രോപ്പിക്കൽ ഇനങ്ങളും, വിവിധയിനം നാടൻ താമരകളും പ്രവീണയുടെ വീട്ടുമുറ്റത്തുണ്ട്. 200 രൂപമുതൽ 2000 രൂപവരെയാണ് വില. ആയിരം ഇതളുകളുള്ള സഹസ്രദളപത്മം വിരിയാൻ തയ്യാറെടുക്കുകയാണ്. 2000 രൂപയാണ് ഇതിന്റെ വില. മുഞ്ഞയുടെയും ഒച്ചിന്റെയും ഭീഷണി ഉണ്ടെങ്കിലും നാടൻരീതികൾ ഉപയോഗിച്ച് ഇവയെ തുരത്തുകയാണ് പതിവ്. സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ ഭർത്താവ് പ്രജീഷിന്റെയും മക്കളായ കൃഷ്ണ, കിഷൻ എന്നിവരുടെ സഹായവും കൃഷിക്ക് ലഭിക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top