25 April Thursday

മാനദണ്ഡം അട്ടിമറിച്ചു; 
കിഴക്കമ്പലത്തിന്റെ ഫണ്ട് വെട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


കിഴക്കമ്പലം
ട്വന്റി-–-20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിർമാണപ്രവർത്തനങ്ങൾക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് രംഗത്ത്‌. സ്വകാര്യലാഭത്തിനുവേണ്ടി സൗകര്യപ്രദമായവിധം മാറ്റങ്ങൾവരുത്തിയുള്ള നിർമാണങ്ങളുടെ തുക കൈമാറാനാകില്ലെന്ന് തദ്ദേശസ്വയംഭരണവകുപ്പ് കരാറുകാരെ അറിയിച്ചു.

ഫണ്ട് തടഞ്ഞുവച്ചതിനെതിരെ കരാറുകാരൻ നൽകിയ പരാതിയിലാണ് വകുപ്പിന്റെ മറുപടി. വിവിധ റോഡുകളുടെ നിർമാണം പൂർത്തിയാക്കിയത് അസി. എൻജിനിയറുടെയോ ഓവർസിയറുടെയോ മേൽനോട്ടമില്ലാതെയാണെന്നും അപാകത്തെ തുടർന്ന് നിർമാണം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് തയ്യാറായില്ലെന്നും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നു.

അഞ്ച് റോഡുകളുടെ നിർമാണങ്ങൾക്ക് കരാർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു കാണിച്ച് എക്സിക്യൂട്ടീവ് എൻജിനിയർ എൽഎസ്‌ജിഡി ചീഫ് എൻജിനിയർക്ക് റിപ്പോർട്ട് നൽകി. കിഴക്കമ്പലം ബസ് സ്റ്റാൻഡ് വൺവേ റോഡ് നിർമിച്ചത് കരാറിന്‌ വിരുദ്ധമായാണ്. വിലങ്ങ് ചൂരക്കോട് ബൈപാസ് റോഡ് പുനരുദ്ധാരണം, എരപ്പുംപാറ ആഞ്ഞിലിച്ചുവട് റോഡ് നവീകരണം, ചെമ്മലപ്പടി പുക്കാട്ടുപടി റോഡ് പുനരുദ്ധാരണം, വിലങ്ങ് സ്കൂൾ നിർമാണം, ആട്ടുപടി ചിറവക്കാട് റോഡ് നവീകരണം എന്നിവയിലെല്ലാം മാനദണ്ഡങ്ങൾ ലംഘിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ട്വന്റി–-20 ഭരണസമിതി സ്വകാര്യപങ്കാളിത്തത്തോടെ നിർമാണാനുമതി നൽകിയ റോഡുകളിലാണ് വെട്ടിപ്പുകൾ നടന്നത്. 25 ലക്ഷം രൂപ സാങ്കേതികാനുമതി നൽകിയ വിലങ്ങ് ചൂരക്കോട് റോഡിൽ അനുമതിയില്ലാത്ത ഭാഗങ്ങൾ പൊളിച്ചുമാറ്റിയതായി കണ്ടെത്തി. 45 ലക്ഷം രൂപ അനുവദിച്ച ആഞ്ഞിലിച്ചുവട് എരപ്പുംപാറ റോഡിൽ അനുമതിയില്ലാത്ത ഭാഗങ്ങളിൽ നിർമാണം നടത്തിയതും കണ്ടെത്തിയിട്ടുണ്ട്. ഒരുകോടി രൂപ അനുവദിച്ച വിലങ്ങ് സ്കൂൾ നിർമാണത്തിന് കരാറുകാരന്റെ ഭാഗത്തുനിന്ന്‌ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് നിർമാണം നിർത്തിവയ്‌പിക്കുകയായിരുന്നു. നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവന്നതിനുപുറമെ റോഡുനിർമാണത്തിലും ക്രമക്കേടുകൾ കണ്ടെത്തിയത് ട്വന്റി–-20 ഭരണസമിതിക്ക് വൻ തിരിച്ചടിയായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top