23 April Tuesday

ഗാന്ധിജയന്തി വാരാചരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


കൊച്ചി
ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി. സിവിൽ സ്റ്റേഷൻ വളപ്പിൽ കലക്‌ടർ രേണു രാജ്‌ ഉദ്‌ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻവളപ്പിലെ ഗാന്ധി പ്രതിമയിൽ കലക്ടർ പുഷ്പാർച്ചന നടത്തി.
സിവിൽ സ്റ്റേഷനിലെ ഓഫീസുകളും പരിസരവും ശുചീകരിച്ചു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 50 എൻഎസ്എസ് വളന്റിയർമാരും ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. ഓഫീസുകളിലെ ശുചീകരണപ്രവർത്തനങ്ങൾ കലക്ടർ വിലയിരുത്തി. ഏറ്റവും മികച്ചരീതിയിൽ ഓഫീസും പരിസരവും ശുചിയാക്കുന്ന സിവിൽ സ്റ്റേഷനിലെ മൂന്ന് ഓഫീസുകൾക്ക് കലക്ടറുടെ ശുചിത്വ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. അവാർഡ് നിർണയ കമ്മിറ്റി തിങ്കളാഴ്‌ച ഓഫീസുകൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തിയശേഷം അവാർഡുകൾ പ്രഖ്യാപിക്കും.
ഗാന്ധി ജയന്തി ദിനത്തിൽ എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ എൻസിസി കേഡറ്റുകളും സീഡ് ക്ലാസ് അംഗങ്ങളും ചേർന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ശുചീകരിച്ചു. മേജർ കെ എസ് നാരായണൻ ഉദ്ഘാടനം ചെയ്തു. ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം സെക്രട്ടറി ടി ജി രവികുമാർ അധ്യക്ഷനായി.

തൃപ്പൂണിത്തുറ
ഗാന്ധി ജയന്തിയുടെ ഭാ​ഗമായി രാ​ഗമാലിക മ്യൂസിക് അക്കാദമി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാമത്സരവും സംഗീതാലാപനവും സംഘടിപ്പിച്ചു. ചിത്രകാരന്‍ ആര്‍ കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

മുളന്തുരുത്തി
ആരക്കുന്നം സെന്റ് ജോർജ്‌ യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജസ് എച്ച്എസ്, എൽപിഎസ് ആൻഡ്‌ പ്രീ-പ്രൈമറി സ്കൂളുകളിൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. സ്കൂൾ ബോർഡ് അംഗങ്ങളായ സിബി മത്തായി, സാം ജോർജ് ബേബി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

മട്ടാഞ്ചേരി
ഗാന്ധിജയന്തിദിനത്തിൽ കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ മൂലങ്കുഴി ഭാസ്‌കരന്റെ സ്മരണാർഥം യുപി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ എ എം ആൻ മിയ (ഔവർ ലേഡീസ് കോൺവന്റ് ഹൈസ്കൂൾ), വി എസ് അജ്മൽ ഷാ (എസ്ഡിപിവൈ ബോയ്സ് ഹൈസ്‌കൂൾ), പി പി അർച്ചന (ഗവ. ഹൈസ്കൂൾ പുത്തൻതോട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, പുസ്തകങ്ങൾ എന്നിവ സമ്മാനിച്ചു.
മൗലാന ആസാദ് ലൈബ്രറിയില്‍ ഗാന്ധിജയന്തി ആചരിച്ചു. എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ കെ അരുൺ ഉദ്ഘാടനം ചെയ്തു. സി ജെ ജോൺസൺ അധ്യക്ഷനായി. കോടിയേരി ബാലകൃഷ്ണന്റെ  നിര്യാണത്തിൽ അനുശോചിച്ചു.

പള്ളുരുത്തി
ഗാന്ധിജയന്തി ദിനത്തിൽ കുമ്പളം പഞ്ചായത്ത്‌ വഴിയോരങ്ങൾ ശുചീകരിച്ചു. ശുചീകരണ പരിപാടി പനങ്ങാട് എൻ എം കവലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി കാർമിലി ഉദ്ഘാടനം ചെയ്തു.പനങ്ങാട് ജലോത്സവ സംഘാടകസമിതി, റസിഡന്റ്‌സ്‌ അസോസിയേഷൻ സോണൽ കമ്മിറ്റി, എക്സ്‌സർവീസ്‌മെൻസ് അസോസിയേഷൻ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, കൊച്ചിൻ സൗത്ത് റോട്ടറി ക്ലബ്, വിവിധ സ്കൂളുകളിൽനിന്നുള്ള എൻസിസി, എൻഎസ്എസ്, ഭാരത് സ്കൗട്ട് സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു. അഞ്ഞൂറുപേർചേർന്ന് അഞ്ച് കിലോമീറ്ററിലധികം ശുചീകരിച്ചു.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി ആർ രാഹുൽ, എം എം ഫൈസൽ, സീത ചക്രപാണി, മെമ്പർമാരായ പി എ മാലിക്, അജിത് വേലക്കടവിൽ, എ കെ സജീവൻ, അജിത സുകുമാരൻ, സൗഷ ലാലു, സിമി ജോബി, ആതിര രാജേഷ്, ബി സി പ്രദീപ് എന്നിവർ സംസാരിച്ചു.മഹാത്മാ സെക്കുലർ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. വി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. കെ ജെ ബെയ്സിൽ അധ്യക്ഷനായി.

ദീപം പള്ളുരുത്തിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ദീപം ജങ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. മുൻ എംഎൽഎ ടി പി പീതാംബരൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ യോഗം അനുശോചിച്ചു. കൊച്ചി കോർപറേഷൻ അനുവദിച്ച നവീകരിച്ച ദീപം ജങ്ഷൻ എന്ന ബോർഡ് കൗൺസിലർ പി എസ് ബിജു നാടിന് സമർപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top