25 April Thursday

നെട്ടോട്ടവും കടബാധ്യതയും 
കടന്ന്‌, റിജീഷ് ഇനി സംരംഭകന്‍

എ എസ്‌ ജിബിനUpdated: Tuesday Aug 3, 2021



കൊച്ചി
കൊടുങ്ങല്ലൂർ സ്വദേശി റിജീഷിന്റെ എട്ടുവർഷത്തെ സ്വപ്നമാണ് ‘ മീറ്റ് ദ മിനിസ്റ്റർ’ അദാലത്തിലൂടെ യാഥാർഥ്യമാകുന്നത്. 2013ലാണ് പുത്തൻവേലിക്കരയിൽ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓവനുകളും ബേക്കറി പ്രൊഡക്‌ഷൻ ഉപകരണങ്ങളും നിർമിക്കുന്ന ‌ ‘സ്റ്റാർ മെയ്ക്ക്’ എന്ന സംരംഭത്തിനായി റിജീഷ് ശ്രമമാരംഭിച്ചത്. 2014ൽ  38 ലക്ഷം രൂപ വായ്പയെടുത്തു. 2015ൽ ബിൽഡിങ് പെർമിറ്റിനായി അപേക്ഷിച്ചപ്പോൾ കൃഷി ഓഫീസും വില്ലേജ് ഓഫീസും അനുകൂലമായ റിപ്പോർട്ട് നൽകി. എന്നാൽ, ആർഡിഒ വ്യവസായസ്ഥാപനം നിർമിക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 2016 ഫെബ്രുവരി രണ്ടിന് കലക്ടറേറ്റിൽ വീണ്ടും അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. നോട്ടുനിരോധനവും ജിഎസ്ടിയും റിജീഷിന്റെ സ്വപ്നം തല്ലിക്കെടുത്തിയെങ്കിലും കടബാധ്യതയോർത്ത്‌ റിജീഷ്‌ ഫോർട്ടുകൊച്ചി ആർഡിഒ ഓഫീസിൽ അപേക്ഷ നൽകി. ഷെഡ് കെട്ടി ചെറിയ രീതിയിൽ നിർമാണപ്രവർത്തനം ആരംഭിച്ചെങ്കിലും പ്രളയത്തിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. കോവിഡ്‌ എത്തിയതോടെ കടുത്ത സാമ്പത്തികപ്രതിസന്ധി. വായ്പ തിരിച്ചടയ്‌ക്കാനാകുന്നില്ല.  2019ൽ റവന്യുമന്ത്രിക്ക് നേരിട്ട് അപേക്ഷ സമർപ്പിച്ചതോടെ സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻവച്ചു. 2021 ജനുവരി 18നാണ് സ്ഥലസംബന്ധിയായ അനുമതി ലഭിച്ചത്.

കടം തിരിച്ചടയ്‌ക്കാനാകാത്ത നിലയിലാണ് റിജീഷ് ‘മീറ്റ് ദ മിനിസ്റ്റർ’ അദാലത്ത് തുടർപരിപാടിയിലെത്തിയത്. ചെറിയ രീതിയിൽ സംരംഭം ആരംഭിക്കാൻ പുതിയ വ്യാവസായികവായ്പയോ എടുത്ത വായ്പയ്ക്ക് സബ്സിഡിയോ അനുവദിക്കണമെന്ന ആവശ്യമാണ് റിജീഷ് ഉന്നയിച്ചത്. സംരംഭം ആരംഭിക്കാനും ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. പുതിയ അനുമതിക്ക് അപേക്ഷിക്കാനും ജില്ലാതല ഏകജാലക സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താനും അദാലത്തിൽ തീരുമാനമായി. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ കലക്ടർക്ക് സമർപ്പിക്കാൻ കേരള ബാങ്കിന് നിർദേശം നൽകി. റിജീഷിന്റെ സംരംഭം യാഥാർഥ്യമാക്കാൻ ജില്ലാ വ്യവസായകേന്ദ്രവും മലിനീകരണ നിയന്ത്രണബോർഡും എല്ലാ പിന്തുണയും നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top