20 April Saturday

അതിവേ​ഗം തീർപ്പ്; നന്ദിയുമായി വ്യവസായികള്‍

സ്വന്തം ലേഖികUpdated: Tuesday Aug 3, 2021

മീറ്റ് ദി മിനിസ്റ്റർ അദാലത്തിലൂടെ 18 ദിവസത്തിനുള്ളിൽ സംരംഭം പുനരാരംഭിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം എ പി എം മുഹമ്മദ് ഹനീഷിനോട് പങ്കുവയ്ക്കുന്ന സ്വർണാഭരണ നിർമാണ വ്യവസായി എ എം ഷംസുദീൻ


കൊച്ചി
പരാതികൾ അതിവേ​ഗം തീർപ്പാക്കിയ വ്യവസായമന്ത്രിയെയും വകുപ്പ് ഉദ്യോ​ഗസ്ഥരെയും നന്ദി അറിയിച്ച് വ്യവസായികൾ ‘മീറ്റ് ദ മിനിസ്റ്റര്‍’ അദാലത്ത് തുടർപരിപാടിയിലെത്തി. ആദ്യ അദാലത്തിൽ പങ്കെടുത്ത്‌ പ്രശ്നങ്ങൾ പരിഹരിച്ചതിന്റെ സന്തോഷമാണ്‌ വ്യവസായികൾ തുടർ അദാലത്തിലെത്തി പങ്കുവച്ചത്‌. കോതമം​ഗലം നെല്ലിക്കുഴി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏബിൾ പ്ലൈവുഡ് ഇൻഡസ്ട്രീസ് ഉടമ ഇ എം കോയന്റെ പരാതി ദിവസങ്ങൾക്കുള്ളിലാണ് പരിഹരിച്ചത്. എട്ടുവർഷമായി പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചെന്ന പരാതിയുമായാണ് കോയൻ ജൂണ്‍ 15ന് നടന്ന അദാലത്തിൽ എത്തിയത്. എട്ടുവർഷംമുമ്പ് നാലരലക്ഷം രൂപ മുടക്കിയാണ് വനംവകുപ്പിന്റെ അനുമതി നേടിയത്. അത് പുതുക്കിനല്‍കാന്‍ വകുപ്പ് തയ്യാറായില്ല. അദാലത്തില്‍ പരാതിയെത്തിയതിനുപിന്നാലെ മന്ത്രി പി രാജീവ്‌ ഇടപെട്ടു. വനംവകുപ്പ് വീണ്ടും സ്ഥാപനത്തിന് അനുമതി നൽകി. ആറുമാസമായ പരാതി ​ദിവസങ്ങൾക്കകം പരിഹരിച്ചുകിട്ടിയതിന്റെ  സന്തോഷത്തിലാണ് കോയന്‍. സന്തോഷവും നന്ദിയും അദ്ദേഹം ഉദ്യോ​ഗസ്ഥരെ നേരിട്ടറിയിച്ചു.

പതിനെട്ടുദിവസത്തിനുള്ളിൽ പരാതി തീർപ്പാക്കിയ ആശ്വാസത്തിലാണ് എഎസ്എൻ ജ്വല്ലറി വർക്സ്‌ ഉടമകൾ.  ഉടമകളിലൊരാളായ എം എം ഷംസുദീൻ, അദാലത്ത് തുടർപരിപാടിയിലെത്തി വ്യവസായമന്ത്രിയെയും ഉദ്യോ​ഗസ്ഥരെയും നന്ദി അറിയിച്ചു. ആമ്പല്ലൂർ പഞ്ചായത്തിൽ കാഞ്ഞിരമറ്റത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്വര്‍ണാഭരണ നിര്‍മാണ യൂണിറ്റിന് മലിനീകരണ നിയന്ത്രണബോര്‍ഡ് അനുമതി നല്‍കുന്നില്ലെന്നായിരുന്നു പരാതി. 18 ദിവസത്തിനകം മലിനീകരണ നിയന്ത്രണബോർഡ് നടപടി പൂർത്തിയാക്കി, പഞ്ചായത്ത് സംരംഭത്തിന് പ്രവർത്തനാനുമതി നൽകി.

ആദ്യ അദാലത്തില്‍ പങ്കെടുത്ത് 24 മണിക്കൂറിനുള്ളിലാണ് കോതമം​ഗലം കോട്ടപ്പടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലിസി പ്രൈവറ്റേഴ്സ് ലിമിറ്റഡ് ഉടമ അനിൽ കുര്യാസിന്റെ പരാതി തീർപ്പായത്. കൈയുറകൾ നിർമിക്കാനുള്ള സെൻട്രിഫ്യു​ഗൽ ലാറ്റെക്സ് നിർമിക്കുന്ന കമ്പനിയാണ് ലിസി പ്രൈവറ്റേഴ്സ്. അകാരണമായി പഞ്ചായത്ത് പ്രവർത്തനാനുമതി നിഷേധിച്ചെന്നായിരുന്നു പരാതി. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തൊട്ടടുത്ത ദിവസം പഞ്ചായത്ത് പ്രവർത്തിക്കാൻ അനുമതി നൽകി. പരാതി അതിവേ​ഗം പരിഹരിച്ചത് തന്നെപ്പോലുള്ള സംരംഭകർക്ക് പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം നൽകിയെന്ന് അനിൽ കുര്യാസ് പറഞ്ഞു. പരാതികള്‍ പരിഹരിച്ച വ്യവസായമന്ത്രിയെ നന്ദി അറിയിച്ച് നിരവധി വ്യവസായികള്‍ അദാലത്ത് തുടര്‍പരിപാടിയിലെത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെയും വ്യവസായികള്‍ നന്ദി അറിയിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top