26 April Friday

മയക്കുമരുന്നുമായി 5 അസംകാർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


കൊച്ചി / ആലുവ /പെരുമ്പാവൂർ
ബ്രൗൺഷുഗറും ഹെറോയിനുമടക്കമുള്ള മാരക മയക്കുമരുന്നുകളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച്‌ അസംകാർ പിടിയിൽ. ശാസ്‌ത ടെമ്പിൾ റോഡ്‌ ഭാഗത്തുനിന്ന്‌ ബ്രൗൺഷുഗറുമായി അസംകാരായ മൂന്നുപേരെ എറണാകുളം ടൗൺ പൊലീസ്‌ പിടികൂടി. രജുൽ ഇസ്ലാം (26), ഹുസൈൻ അലി (23), അഫ്‌ജുദീൻ (24) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

ഹെറോയിൻ വിൽപ്പനയ്ക്കിടെയാണ്‌ അസം സ്വദേശിയെ പെരുമ്പാവൂരിൽ എക്‌സൈസ്‌ പിടികൂടിയത്‌. അസം ലറ്റാറി ബസാറിൽ സാദിഖുൽ ഇസ്ലാമാണ് (32) അറസ്‌റ്റിലായത്. ഇയാളിൽനിന്ന്‌ 6.352 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. മാവുംചുവട് മോട്ടി കോളനി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. അസമിൽനിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവരുന്ന ഹെറോയിൻ പെരുമ്പാവൂർ, അറക്കപ്പടി ഭാഗത്തെ അതിഥിത്തൊഴിലാളികൾക്ക് ചെറിയ പാക്കറ്റുകളിലാക്കിയാണ് വിറ്റിരുന്നത്. പെരുമ്പാവൂർ എക്സൈസ് സിഐ ബി സുമേഷ്, ഐബി പ്രിവന്റീവ് ഓഫീസർ ഒ എൻ അജയകുമാർ, പ്രിവന്റീവ് ഓഫീസർ സി ബി രെഞ്ചു, സിവിൽ എക്സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, എം എ അസൈനാർ, എം ആർ രജിത എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു.

മുപ്പത്‌ ഗ്രാം ഹെറോയിനുമായി അസം മൊറിഗൺ സ്വദേശി മിർജുലിനെ (26) ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്‌ പിടികൂടിയത്‌. പറവൂർ ചെറിയപ്പിള്ളിയിലാണ് ഇയാളുടെ താമസം. അസമിൽനിന്ന്‌ 25,000 രൂപയ്ക്ക് വാങ്ങിയ ഹെറോയിൻ ആലുവയിൽ എത്തിച്ച്‌ നാലിരട്ടി വിലയ്ക്ക് അതിഥിത്തൊഴിലാളികൾക്ക്‌ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. ഡിവൈഎസ്‌പി  പി പി ഷംസ്, ആലുവ എസ്എച്ച്ഒ  എം എം മഞ്ജു ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞദിവസങ്ങളിൽ 6.49 ഗ്രാം ഹെറോയിനുമായി അസം നാഗോൺ സ്വദേശികളായ രണ്ട് അതിഥിത്തൊഴിലാളികളെ ചെറായിയിൽനിന്നും ഏഴുകിലോ കഞ്ചാവുമായി ഒഡിഷ കന്ധമാൽ സ്വദേശിയെ പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽനിന്നും പിടികൂടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top