29 March Friday

കുതിച്ച് ജില്ല ; കഴിഞ്ഞ ബജറ്റ്‌ പദ്ധതികളിലേക്ക്‌ ഒരെത്തിനോട്ടം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

എൽഡിഎഫ്‌ സർക്കാരിന്റെ ബജറ്റ് ഇന്ന്. ജില്ലയുടെ വികസനമുന്നേറ്റത്തിന്‌ സഹായകമായ നിരവധി പദ്ധതികൾ നൽകി. ബജറ്റ്‌ പ്രഖ്യാപനങ്ങൾ പലതും യാഥാർഥ്യമായി. ബാക്കി പുരോഗമിക്കുന്നു. കഴിഞ്ഞ ബജറ്റ്‌ പദ്ധതികളിലേക്ക്‌ ഒരെത്തിനോട്ടം

കൊച്ചി
കഴിഞ്ഞ സംസ്ഥാന ബജറ്റിനുശേഷം ജലമെട്രോ ഉൾപ്പെടെ അഭിമാന പദ്ധതികൾക്ക്‌ കുതിപ്പ്‌ പകരാനായതിന്റെ നേട്ടവുമായി ജില്ല. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായി കാക്കനാട്‌ പാതയുടെ നിർമാണം ആരംഭിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്‌ പരിഹരിക്കാനുള്ള ബ്രേക്‌ത്രൂ പദ്ധതി ഉൾപ്പെടെ മുന്നോട്ടുപോകുന്നു.

കഴിഞ്ഞ ബജറ്റിൽ ജലമെട്രോയ്‌ക്ക്‌ 150 കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന്‌ അതിവേഗത്തിൽ ഒന്നാംഘട്ടം പൂർത്തിയാക്കുന്ന ജോലികൾ തുടങ്ങി. കാക്കനാട്‌, ഹൈക്കോടതി, വൈപ്പിൻ ടെർമിനലുകളുടെ നിർമാണം  പൂർത്തിയാക്കി. ഫോർട്ട്‌ കൊച്ചി, ചേരാനല്ലൂർ, ഏലൂർ ടെർമിനലുകളുടെ നിർമാണം പൂർത്തീകരണത്തിലാണ്‌. ആറ്‌ ബോട്ടുകളും എത്തിച്ചു. കഴിഞ്ഞ നവംബറിൽത്തന്നെ ഒന്നാംഘട്ടം പ്രവർത്തനമാരംഭിക്കാൻ സജ്ജമായെങ്കിലും സാങ്കേതിക തടസ്സങ്ങൾമൂലം ആരംഭിക്കാനായിട്ടില്ല.

കൊച്ചി മെട്രോ കാക്കനാട്‌ പാതയ്‌ക്ക്‌ സ്ഥലമേറ്റെടുക്കാനായി ഒരുവർഷത്തിനിടെ 280 കോടി രൂപയാണ്‌ സർക്കാർ നൽകിയത്‌. പാലാരിവട്ടംമുതൽ ഇൻഫോപാർക്കുവരെ സ്ഥലമെടുപ്പ്‌ 80 ശതമാനം പൂർത്തിയായി. ഉടമകൾക്ക്‌ നഷ്‌ടപരിഹാരം നൽകുന്നത്‌ തുടരുന്നു. കലൂർ സ്‌റ്റേഡിയംമുതൽ പാലാരിവട്ടംവരെയുള്ള സ്ഥലമെടുപ്പ്‌ നടപടികൾ തുടങ്ങി. മെട്രോ ഒന്നാംഘട്ടത്തിലെ അവസാനപാദമായ എസ്‌എൻ ജങ്ഷൻമുതൽ തൃപ്പൂണിത്തുറ ടെർമിനൽവരെയുള്ള പാതയുടെ നിർമാണവും അതിവേ​ഗം പുരോഗമിക്കുന്നു.


 

തൃപ്പൂണിത്തുറമുതൽ പൂത്തോട്ടവരെയുള്ള റോഡ്‌ നാലുവരിയാക്കൽ പദ്ധതിക്ക്‌ സ്ഥലമേറ്റെടുക്കാനുള്ള അനുമതി കഴിഞ്ഞമാസം സർക്കാർ നൽകി. 25 കിലോമീറ്ററോളം റോഡ്‌ നാലുവരിയായി നിർമിക്കാൻ 400 കോടിയോളമാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. സ്ഥലമെടുപ്പും നിർമാണജോലികളും ആരംഭിക്കുമെന്നതിനാൽ പദ്ധതിക്ക്‌ ബജറ്റിൽ ഉയർന്ന പരിഗണനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ജില്ല.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്‌ പരിഹരിക്കാനുള്ള ബ്രേക്‌ത്രൂ പദ്ധതിക്ക്‌ മുൻ ബജറ്റിൽ 10 കോടി നീക്കിവച്ചിരുന്നു. മുല്ലശേരി കനാലിന്റെ നിർമാണ അപാകത പരിഹരിച്ച്‌ നീരൊഴുക്ക്‌ സുഗമമാക്കാനും അനുബന്ധ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനായി. മുല്ലശേരി കനാൽ പദ്ധതി പൂർത്തീകരണത്തിലാണ്‌.

സംസ്ഥാനത്തിന്റെ 25 ശതമാനം സാമ്പത്തിക പങ്കാളിത്തത്തോടെയുള്ള ദേശീയപാതകളുടെയും ബൈപാസുകളുടെയും നിർമാണവും തകൃതിയാണ്‌. ഇടപ്പള്ളി–-മൂത്തകുന്നം ആറുവരിപ്പാത നിർമാണം പുരോഗമിക്കുന്നു. അങ്കമാലി–-കുണ്ടന്നൂർ ബൈപാസിന് കേന്ദ്രാനുമതി കിട്ടിയെങ്കിലും സ്ഥലമെടുപ്പ്‌ വിജ്ഞാപനത്തിനുള്ള നീക്കമൊന്നും ദേശീയപാത അതോറിറ്റി തുടങ്ങിയിട്ടില്ല. കൊച്ചി–- തേനി നാലുവരി ഗ്രീൻഫീൽഡ്‌ പാതയുടെയും സ്ഥിതി അതുതന്നെ.

സ്‌റ്റാർട്ടപ്പുകളേ 
ഇതിലെ ഇതിലെ
നവീന ആശയങ്ങൾ സമ്മാനിക്കുന്ന സ്‌റ്റാർട്ടപ്പുകൾക്ക്‌ കൈനിറയെയാണ്‌ കഴിഞ്ഞ ബജറ്റിൽ ലഭിച്ചത്‌. 10 കോടി രൂപവരെ വായ്‌പ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) വഴി ലഭ്യമാക്കാനുള്ള നടപടികളാണ്‌ സർക്കാർ സ്വീകരിച്ചത്‌. സ്റ്റാർട്ടപ് ഗ്യാരന്റി ഫണ്ടിൽ ഉൾപ്പെടുത്തി കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ ലളിതമായ വ്യവസ്ഥയിലാണ്‌ വായ്പ അനുവദിച്ചത്‌. കെഎഫ്സി 250 കോടി രൂപ സ്റ്റാർട്ടപ് സംരംഭങ്ങൾക്കായി വകയിരുത്തി.

കേരള സ്റ്റാർട്ടപ് മിഷന് 90.52 കോടി രൂപയും നൽകി. ഇതിൽ 20 കോടി രൂപ കൊച്ചി ടെക്നോളജി ഇന്നൊവേഷൻ സോണിനാണ്‌. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബുകളിൽ ഒന്നിന്റെ ഭാഗമാണിത്‌. അടിസ്ഥാനസൗകര്യ വികസനത്തിനും പുതിയ കെട്ടിടം നിർമിക്കുന്നതിനുമാണ്‌ ഇത്‌ ഉപയോഗിച്ചത്‌. 70.52 കോടി രൂപ യുവസംരംഭകത്വ വികസനപദ്ധതിക്കും നീക്കിവച്ചു. സ്‌റ്റാർട്ടപ്പുകൾക്ക്‌ പ്രാരംഭഘട്ട ധനസഹായം ലഭ്യമാക്കുന്നതിനും ഗ്രാന്റുകൾ നൽകുന്നതിനും ഇത്‌ മുതൽക്കൂട്ടായി. 2021-–-22 സാമ്പത്തികവർഷം 72 സ്റ്റാർട്ടപ്പുകൾക്ക് 6.12 കോടി രൂപയുടെ ധനസഹായം അനുവദിച്ചു.

ക്യാൻസർ സെന്റർ അപെക്‌സ്‌ സെന്ററാക്കുന്നു
കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്ററിനെ അപെക്‌സ്‌ സെന്ററാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  14.5 കോടി രൂപയാണ്‌ ഇതിനായി മുന്‍ ബജറ്റിൽ നീക്കിവച്ചത്‌. പുതിയ കെട്ടിടത്തിന്റെ സിവിൽ ജോലികൾ പൂർത്തിയായി. നാല്‌ ബ്ലോക്കുകളിലായി എട്ടുനില സമുച്ചയമാണ്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ കോമ്പൗണ്ടിലെ 12 ഏക്കറിൽ ഉയരുന്നത്‌. 370 കിടക്കകളാണ്‌ ഒരുങ്ങുന്നത്‌. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകൾക്കുമായി അനുവദിച്ച 250.7 കോടി രൂപയിൽ ഒരു വിഹിതം എറണാകുളം ഗവ. മെഡിക്കൽ കോളേജിനും ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ചുള്ള വികസനപ്രവർത്തനങ്ങളും നടന്നുവരികയാണ്‌. മാലിന്യസംസ്‌കരണത്തിനും അധ്യാപകരുടെ പരിശീലന പദ്ധതിക്കും അത്യാഹിതവിഭാഗം സജ്ജമാക്കുന്നതിന്‌ ആവശ്യമായ യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുമായി 4.45 കോടി ചെലവഴിച്ചുകഴിഞ്ഞു.

വ്യവസായ വികസനത്തിന് 
കുതിപ്പേകാന്‍ ​ഗിഫ്റ്റ് സിറ്റി
വ്യവസായ മുന്നേറ്റത്തിന് കരുത്തുകൂട്ടാൻ  മുൻ ബജറ്റിൽ പ്രഖ്യാപിച്ച കൊച്ചിയിലെ ​ഗ്ലോബൽ ഇൻഡസ്ട്രിയൽ  ഫിനാൻസ് ആൻഡ് ട്രേഡ് (ഗിഫ്റ്റ്) സിറ്റിക്കായുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു. 160 കിലോമീറ്റർ നീളമുള്ള കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴി (കെബിഐസി)യുടെ ഭാ​ഗമായി അയ്യമ്പുഴയിലാണ് കേരളത്തിന്റെ ഈ സ്വപ്നപദ്ധതി. 2022ലെ ബജറ്റിൽ ​വ്യവസായ ഇടനാഴിക്ക് 135 കോടി രൂപയാണ് വകയിരുത്തിയത്. 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതിയും ലഭിച്ചു. ഇതിൽ 850 കോടി രൂപ ഗിഫ്‌റ്റ്‌ സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിനാണ്‌. കിഫ്ബി ധനസഹായത്തോടെ കിൻഫ്രയാണ് പദ്ധതി നടപ്പാക്കുന്നത്. ഇൻഷുറൻസ്, ഐടി, അക്കൗണ്ടിങ്, വിനോദം, ​ഗവഷണം തുടങ്ങിയ വിവര വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്. ആ​ഗോള നിലവാരത്തിൽ സാമ്പത്തിക, കച്ചവട കേന്ദ്രമാക്കി കൊച്ചിയെ മാറ്റുന്ന പദ്ധതിയിൽ അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കൊപ്പം പ്രാദേശികതലത്തിലുള്ള വാണിജ്യ, സാമ്പത്തിക സ്ഥാപനങ്ങളെയും ഇൻകുബേഷൻ, ഇന്നവേഷൻ കേന്ദ്രങ്ങളെയും ആകർഷിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. രണ്ടുലക്ഷംപേർക്ക് നേരിട്ടും നാലുലക്ഷത്തോളംപേർക്ക് പരോക്ഷമായും തൊഴിലും ലഭിക്കും.
 

എആർ/വിആർ ലാബുമായി അസാപ്‌ സ്‌കിൽ പാർക്ക്‌
കളമശേരി അസാപ്‌ സ്‌കിൽ പാർക്കിൽ ഓഗ്‌മെന്റഡ്‌ റിയാലിറ്റി/വെർച്വൽ റിയാലിറ്റി ലാബ്‌ സ്ഥാപിച്ചു. മുൻ ബജറ്റിൽ 35 കോടി രൂപയാണ്‌ സർക്കാർ അസാപ്‌ സ്‌കിൽ പാർക്കുകളിൽ ലാബ്‌ നിർമിക്കാൻ നീക്കിവച്ചത്‌. മികച്ച വീഡിയോ ഗെയിം ഡെവലപ്പർമാരെ സൃഷ്‌ടിക്കാനുള്ള ആധുനിക സൗകര്യമാണ്‌ കളമശേരിയിൽ ലഭ്യമാക്കിയത്‌. അത്യന്താധുനിക കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഓഗ്‌മെന്റഡ്‌ റിയാലിറ്റി‌ (എആർ), വെർച്വൽ റിയാലിറ്റി (വിആർ) ഗ്ലാസുകൾ കോഴ്‌സുകൾക്കായി ഒരുക്കിയിട്ടുണ്ട്‌. യൂണിറ്റി സെർട്ടിഫൈഡ്‌ യൂസർ വിആർ ഡെവലപ്പർ, യൂണിറ്റി അസോസിയറ്റ്‌ ഗെയിം ഡെവലപ്പർ, യൂണിറ്റി സർട്ടിഫൈഡ്‌ അസോസിയറ്റ്‌ ആർടിസ്‌റ്റ്‌ എന്നീ കോഴ്‌സുകളിലായി 75 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top