20 April Saturday

പ്രിയസഖാവ്‌ ഇനി ഓർമ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020



പള്ളുരുത്തി
വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയപ്രവർത്തനം തുടങ്ങി, രണ്ടു പതിറ്റാണ്ട്‌ പള്ളുരുത്തിയിൽ സിപിഐ എമ്മിനെ മുന്നിൽനിന്ന‌ു നയിച്ച ടി കെ വൽസൻ വിടവാങ്ങുമ്പോൾ നാടിന്‌ നഷ്ടമായത്‌ മികച്ച സംഘാടകനെ. കർഷകത്തൊഴിലാളികളുടെയും തൊഴിലുറപ്പു തൊഴിലാളികളുടെയും നേതാവായി ജില്ലയിൽ നിറഞ്ഞുനിന്ന അദ്ദേഹം സഹകാരിയെന്ന നിലയിലും മികവാർന്ന പ്രകർത്തനം കാഴ്‌ചവച്ചു. നാടിന്റെ ആവശ്യങ്ങൾക്കായി എന്നും യത്നിച്ച, അകാലത്തിൽ വിടപറഞ്ഞ പ്രിയസഖാവ്‌ പശ്‌ചിമകൊച്ചിക്ക്‌ ഇനി നൊമ്പരമിറ്റുന്ന ഓർമ. 

അടിയന്തരാവസ്ഥക്കാലത്ത്‌ പള്ളുരുത്തി എസ്‌ഡിപിവൈ സ്‌കൂളിൽ വിദ്യാർഥികളെ സംഘടിപ്പിച്ച്‌ പൊതുപ്രവർത്തനമാരംഭിച്ച ടി കെ വത്സൻ പിന്നീട്‌ കെഎസ്‌വൈഎഫിൽ സജീവമായി. കെഎസ്‌വൈഎഫ്‌ വില്ലേജ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 20 വർഷം സിപിഐ എം പള്ളുരുത്തി ഏരിയ സെക്രട്ടറിയായി പാർടിയെ നയിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ദേശാഭിമാനി ആർട്സ് സെന്റർ രൂപീകരിച്ച് പള്ളുരുത്തിയിലെ കലാ-–-സാംസ്‌കാരിക മേഖലയിൽ ഇടപെടാനും അദ്ദേഹത്തിനു കഴിഞ്ഞു.

പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ  പ്രസിഡന്റ്‌ എന്ന നിലയിൽ പള്ളുരുത്തിയിലെ സാധാരണ ജനങ്ങൾക്ക്‌ ഉപകാരപ്പെട്ട നിരവധി പദ്ധതികൾ നടപ്പാക്കി.  സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ടി കെ വത്സന്റെ നേതൃത്വത്തിൽ ബാങ്ക്‌ ആരംഭിച്ച പച്ചക്കറി കൃഷി സംസ്ഥാനത്തുതന്നെ ശ്രദ്ധ പിടിച്ചുപറ്റി. എൻആർഇജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി,  കെഎസ്‌കെടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്നു.  പ്രൈമറി അഗ്രികൾച്ചറൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി  ജില്ലാ സെക്രട്ടറി, കേരള കോ–-ഓപ്പറേറ്റീവ് ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹത്തിന്റെ സേവനങ്ങൾ ശ്രദ്ധേയമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top