25 April Thursday

വോട്ട്‌ ചോദിക്കണം; ഈ കപ്പയൊന്ന്‌ വിറ്റോട്ടെ

കെ ഡി ജോസഫ്Updated: Wednesday Dec 2, 2020


കാലടി
എതിരാളികൾ വോട്ടഭ്യർഥനയുമായി രാവിലെ ഇറങ്ങുന്നതിനും മണിക്കൂറുകൾമുമ്പ്‌ ജോമോനും വീട്ടിൽനിന്നിറങ്ങും. ആദ്യം കപ്പത്തോട്ടത്തിലേക്കാണെന്നുമാത്രം. പുലർച്ചെ മൂന്നുമുതൽ കപ്പ പറിച്ച്‌ വണ്ടിയിൽ കയറ്റി ടൗണിലെത്തിച്ച്‌ തിരികെയെത്തി 10 മണിയോടെയാണ്‌ ജോമോൻ വോട്ടഭ്യർഥനയുമായി ഇറങ്ങുന്നത്‌. അയ്യമ്പുഴ പഞ്ചായത്ത്‌ മുൻ വൈസ്‌ പ്രസിഡന്റ് കാരേക്കാട് പള്ളിയാൻവീട്ടിൽ പി യു ജോമോന് കപ്പയുമായി ബന്ധം തുടങ്ങിയിട്ട്‌‌ 17 വർഷം.

സിപിഐ എം കാലടി ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കാലടി ബ്ലോക്ക് സെക്രട്ടറിയുമാണ് ജോമോൻ. 2003ൽ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ സഹായിക്കാനായാണ്‌ തോട്ടത്തിലേക്ക്‌ ഇറങ്ങിയത്‌. 17 വർഷമായി തോട്ടത്തിൽനിന്ന്‌ കപ്പ വാങ്ങി അച്ഛനൊപ്പം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്നു. സാമ്പത്തികപരിമിതിയിലും സംസ്‌കൃത സർവകലാശാലയിൽനിന്ന്‌ ബിരുദം നേടി. എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തി.

2015ൽ പഞ്ചായത്തിലെ ഏഴാംവാർഡിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി. കോൺഗ്രസിൽനിന്ന്‌ വാർഡ് തിരിച്ചുപിടിച്ച് പഞ്ചായത്തിലെ വൈസ് പ്രസിഡന്റുമായി. ഇത്തവണ നാലാംവാർഡിലാണ് പോരാട്ടം. വൈസ് പ്രസിഡന്റായിരിക്കുമ്പോഴും ജോലി മുടക്കിയില്ല. രാവിലെ 10 വരെ തോട്ടത്തിലും മാർക്കറ്റിലും ചെലവഴിച്ചശേഷം  ജനങ്ങളിലേക്ക്‌ ഇറങ്ങുകയാണ്‌ പതിവ്‌.

അറുനൂറ്റമ്പതു ചതുരശ്ര അടി വിസ്തീർണമുള്ള ചെറിയ വീട്ടിൽ ഭാര്യ അനീഷ, മക്കളായ ദ്രുപത്, ധ്വനി എന്നിവരോടൊപ്പമാണ്‌ താമസം. വീടിരിക്കുന്ന സ്ഥലത്തിന്‌ പട്ടയം കിട്ടിയിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷം, മലയോരമേഖലയായ തന്റെ വാർഡിൽ അഞ്ച് ഫോറസ്റ്റ് റോഡ് യാഥാർഥ്യമാക്കാൻ ജോമോനു കഴിഞ്ഞു. രണ്ടുകോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. 15 വീടുകൾ നിർമിക്കാൻ അനുമതി തേടി. സാംസ്കാരികനിലയവും പൂർത്തിയാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top