29 March Friday

എന്തോന്ന് ഓൺലൈൻ! ആശാത്തി വേറെ ലെവലാ

കെ ഡി ജോസഫ്Updated: Monday Aug 2, 2021


കാലടി
തൊണ്ണൂറ്റിരണ്ട് വയസ്സിൽ എത്തിയിട്ടും മീനാക്ഷി ആശാത്തി ഇപ്പോഴും അധ്യാപികയാണ്. കാലടി മാണിക്യമംഗലം കളരിക്കൽ വീട്ടിൽ മീനാക്ഷി, 70 വർഷംമുമ്പ് കുട്ടികളെ മണലിൽ ഇരുത്തിയെഴുതിച്ച കൈകൾക്ക്‌ 92–-ാംവയസ്സിലും വിശ്രമമില്ല.ആദ്യകാലത്ത് മണലിലും ഓലയിലും എഴുതിയാണ് പഠിപ്പിച്ചതെങ്കിൽ ഇപ്പോൾ അത് പുസ്‌തകത്തിലേക്ക്‌ മാറിയെന്ന് മാത്രം. പ്രായം ഏറിയെങ്കിലും ഇന്നും രാവിലെ കുട്ടികളുടെ വീട്ടിലെത്തി പഠിപ്പിക്കുന്നതിൽ മീനാക്ഷിക്ക് ഒരു ക്ഷീണവും ഇല്ല. മണൽ നിരത്തി അതിലൂടെ ചൂണ്ടാണി വിരലോടിച്ച് അക്ഷരങ്ങൾ എഴുതി ചൊല്ലി പഠിക്കുമ്പോഴത്തെ ഈണവും താളവും ഇന്നുമുണ്ട്.

ജന്മനാടായ തൃശൂർ ജില്ലയിലെ കൊടകരയിൽ ചെറുപ്രായത്തിൽ ആരംഭിച്ച പഠിപ്പിക്കൽ പിന്നെ കളരിക്കൽ ശേഖരന്റെ ഭാര്യയായി മാണിക്യമംഗലം ഗ്രാമത്തിൽ വന്നിട്ടും തുടർന്നു. ഭർത്താവും നിലത്തെഴുത്താശാനായിരുന്നു. നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണിവർക്ക്. ഭർത്താവിന്റെ മരണശേഷവും മീനാക്ഷി ആശാത്തി തൊഴിൽ തുടർന്നു. രാവിലെ ഒമ്പതുമുതൽ 12 വരെ പഠിപ്പിക്കൽ തുടരും. കാലടിയിലും സമീപ പഞ്ചായത്തുകളിലും വിവിധ സ്ഥലങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കും, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലേക്കും കാലം മാറിയെങ്കിലും അക്ഷരങ്ങൾ നിലത്തെഴുതി കുട്ടികൾ പഠിക്കണം എന്ന് നിർബന്ധമുള്ള മാതാപിതാക്കൾ ഇന്നും മീനാക്ഷിയെ തേടിവരുന്നു. നടക്കാൻ കഴിയുന്നിടത്തോളംകാലം പഠിപ്പിക്കൽ തുടരാനാണ് മീനാക്ഷിയുടെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top