28 March Thursday

തുറന്നു, വികസന കാഴ്‌ചകളുടെ ലോകം

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023

കൊച്ചി
രണ്ടാം പിണറായി സർക്കാരിന്റെ വികസനക്കാഴ്‌ചകളുമായി ‘എന്റെ കേരളം 2023’ മെഗാ പ്രദർശന- വിപണന- മേള തുടങ്ങി. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മറൈൻഡ്രൈവ് മൈതാനത്താണ്‌ മേള ആരംഭിച്ചത്‌. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള. എട്ടിന്‌ സമാപിക്കും. 63,680 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയ മേളയിൽ വിവിധ സർക്കാർവകുപ്പുകളുടെ 36 തീം സ്റ്റാളുകൾ ഉൾപ്പെടെ 170 സ്റ്റാളുകളുണ്ട്‌.
വ്യവസായവകുപ്പിനുകീഴിലെ എംഎസ്എംഇ യൂണിറ്റുകൾ, കുടുംബശ്രീ, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവയും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്‌. വിപണനമേള, ബി ടു ബി മീറ്റ്, പ്രോജക്ട് ക്ലിനിക്കുകൾ, ടെക്നോളജി പ്രദർശനം, ചർച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ പ്രദർശനം.  
പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകൾ മേളയുടെ ആകർഷണമാകുന്നു.  ഏഴിന്‌ ഒഴികെ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ  സെമിനാറുകളും ബോധവൽക്കരണ പരിപാടികളും നടക്കും. ആധാർ രജിസ്‌ട്രേഷൻ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾ തത്സമയം അക്ഷയയുടെ പവിലിയനിൽ ലഭിക്കും. റേഷൻ കാർഡ് സംബന്ധമായ പ്രശ്‌നങ്ങൾ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളിൽ പരിഹരിക്കാം.
റവന്യുസംബന്ധമായ സേവനങ്ങളുമായാണ് റവന്യുവകുപ്പിന്റെ സ്റ്റാൾ. മാലിന്യസംസ്‌കരണത്തിലെ പുതിയ മാതൃകകൾ ശുചിത്വ മിഷൻ അവതരിപ്പിക്കും. യുവജനങ്ങൾക്കായി സേവനം, വിദ്യാഭ്യാസം, തൊഴിൽ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാർട്ടപ് മിഷൻ, തൊഴിൽ–-പൊതുവിദ്യാഭ്യാസം–-സാങ്കേതികവിദ്യാഭ്യാസം  വകുപ്പുകൾ, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകളുണ്ട്‌.
ഊർജമേഖലയിലെ നൂതനമാതൃകകൾ അനെർട്ടിന്റെയും എനർജി മാനേജ്‌മെന്റ് സെന്ററിന്റെയും സ്റ്റാളുകളിൽ കാണാം. കിഫ്ബി പ്രത്യേക പവിലിയനിൽ  പദ്ധതികളുടെ അവതരണമുണ്ട്‌. പൊലീസിന്റെ ആഭിമുഖ്യത്തിൽ ദിവസവും ഡോഗ് ഷോ, വാഹന പ്രദർശനം, സ്വയംരക്ഷാ പരിശീലന പ്രദർശനം എന്നിവയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top