24 April Wednesday

തീരസേനയുടെ കരുത്തറിയിച്ച്‌ അഭ്യാസപ്രകടനം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023


കൊച്ചി
‘കടൽക്കൊള്ളക്കാരുടെ’ കപ്പലിന്‌ തീരസംരക്ഷണസേനയുടെ അതിവേഗ കപ്പൽ നിർത്താനുള്ള അറിയിപ്പു നൽകി. ഇതനുസരിച്ച്‌ നിർത്തിയ കപ്പലിനടുത്തേക്ക്‌ ചെറിയ ബോട്ടിൽ സേനാംഗങ്ങളെത്തി. അവർ കപ്പലിൽ  കയറി പരിശോധന ആരംഭിച്ചു. ഈ സമയം, മറ്റേതെങ്കിലും യാനങ്ങൾ സമീപിക്കുന്നുണ്ടോയെന്ന് വീക്ഷിക്കാന്‍ മുകളില്‍ ഡോണിയർ വിമാനം വട്ടമിട്ടു.  കടൽക്കൊള്ള, കള്ളക്കടത്ത്‌ തുടങ്ങിയവ ഇന്ത്യൻ തീരസംരക്ഷണസേന നേരിടുന്നതിന്റെ  തൽസമയ അവതരണമാണ്‌ ബുധനാഴ്‌ച രാവിലെ കൊച്ചി പുറങ്കടലിൽ നടന്നത്‌. തീരസംരക്ഷണസേനാ ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു അഭ്യാസപ്രകടനം.

സേന നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ പ്രകടനവുമുണ്ടായി. ഇതിനായി ഹെലികോപ്‌റ്ററിൽനിന്ന്‌ ഒരു സേനാംഗം കടലിൽ ചാടി. പിന്നാലെവന്ന ഡോണിയർ വിമാനത്തിൽനിന്ന്‌ കടലിലേക്ക്‌ ജീവൻരക്ഷാ സാമഗ്രികൾ ഇട്ടുകൊടുത്തു. ഇതിനുശേഷം ജലപ്പരപ്പിനുമുകളിൽ താഴ്‌ന്നുപറന്നുനിന്ന ഹെലികോപ്‌റ്ററിൽനിന്ന്‌ കയറിൽതൂക്കിയിറക്കിയ പെട്ടിയിൽ കയറിയ സേനാംഗത്തെ വലിച്ച്‌ ഉള്ളിൽ കയറ്റിയതോടെ അഭ്യാസപ്രകടനം പൂർത്തിയായി. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉൾപ്പെടെ വിശിഷ്‌ടാതിഥികൾ ‘സമർഥ്‌’ എന്ന കപ്പലിൽ അഭ്യാസപ്രകടനങ്ങൾക്ക്‌ സാക്ഷ്യംവഹിച്ചു. കടലിൽ പരന്ന്‌ പാരിസ്ഥിതികപ്രശ്‌നങ്ങൾക്ക്‌ കാരണമായേക്കാവുന്ന എണ്ണ നീക്കുന്നതും പ്രകടനത്തിലുണ്ടായിരുന്നു.
തീരസംരക്ഷണസേനയുടെ സാരംഗ്‌, സമർ, സമർഥ്‌, അഭിനവ്‌, അനഘ്‌ എന്നീ കപ്പലുകളും സി 162, സി 410 എന്നീ അതിവേഗ കപ്പലുകളും ഡോണിയർ വിമാനങ്ങളും ഹെലികോപ്‌റ്ററുകളും ഉൾപ്പെടെ ഏഴ്‌ വ്യോമയാനങ്ങളും അഭ്യാസപ്രകടനത്തിൽ പങ്കെടുത്തു.

തീരസംരക്ഷണസേന 2022ൽ ലഹരിമരുന്നുകൾ ഉൾപ്പെടെ 4,000 കോടി രൂപയുടെ  കള്ളക്കടത്തുസാധനങ്ങൾ പിടിച്ചതായി അധികൃതർ പറഞ്ഞു. കടലിലുണ്ടായ അപകടങ്ങളിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തി. സ്ഥാപിതദിനാഘോഷത്തോടനുബന്ധിച്ച്‌ സാമൂഹ്യ പ്രതിബദ്ധതാപ്രവർത്തനങ്ങളും നടത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top