29 November Wednesday

സിബിഎൽ പിറവം ജലോത്സവം ; വീയപുരവും നടുഭാഗവും ജേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

പിറവത്ത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാംപതിപ്പിന്റെ നാലാംമത്സരം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു


പിറവം
ചാമ്പ്യൻസ് ബോട്ട് ലീഗ് പിറവം വള്ളംകളി ഫൈനലില്‍ ചുണ്ടന്‍ വിഭാ​ഗത്തില്‍ വീയപുരവും നടുഭാഗവും ഒപ്പത്തിനൊപ്പം. ഇരുടീമുകളും നാലുമിനിറ്റ് 16 സെക്കന്‍ഡ് അഞ്ച്‌ മൈക്രോ സെക്കന്‍ഡില്‍ ലക്ഷ്യത്തിലെത്തി. വിജയിയെ തീരുമാനിക്കാന്‍ സെക്കന്‍ഡിനെ പതിനായിരമായി വിഭജിച്ചിട്ടും ഇരുടീമുകളുടെയും സമയം തുല്യമായതിനെ തുടര്‍ന്ന്  സിബിഎല്‍ മാനേജിങ് കമ്മിറ്റി ഫൈനലില്‍ ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (വീയപുരം) പിബിസി, കോസ്റ്റ് ഡോമിനേറ്റേഴ്സ് (നടുഭാഗം) യുബിസി എന്നീ വള്ളങ്ങളെ വിജയികളായി പ്രഖ്യാപിച്ചു. പൊലീസ് ബോട്ട് ക്ലബ് (റേജിങ് റോവേഴ്സ്) തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു (4.23.2 മിനിറ്റ്).

വീയപുരത്തിന് നടുഭാഗം കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. സിബിഎല്‍ മൂന്നാംസീസണില്‍ പോയിന്റ്‌ പട്ടികയില്‍ ഒന്നാമതായ വീയപുരം ചുണ്ടൻ നെഹ്റു ട്രോഫി, കൊച്ചി മറൈന്‍ ഡ്രൈവ്, കോട്ടപ്പുറം കായല്‍ എന്നിവിടങ്ങളിലെ വിജയം പിറവത്തും ആവർത്തിച്ചു. ഹീറ്റ്സില്‍ പുലര്‍ത്തിയ മികവ് ഫൈനലില്‍ ആവര്‍ത്തിക്കാനാകാത്തത് നടുഭാഗം ചുണ്ടന് കഴിഞ്ഞ മത്സരങ്ങളിൽ വിനയായിരുന്നു. ഇക്കുറി ആ കുറവ് പരിഹരിക്കാനായി.

പ്രാദേശിക വള്ളംകളി ഇരുട്ടുകുത്തി ബ്രി ഗ്രേഡ് വിഭാഗത്തിൽ പിറവം ബോട്ട് ക്ലബ്ബിന്റെ താണിയൻ ഒന്നാമതെത്തി. ആർകെ ടീമിന്റെ പൊഞ്ഞനത്തമ്മയ്‌ക്കാണ് രണ്ടാംസ്ഥാനം. പിറവം റോഡ് കടവ് ബോട്ട് ക്ലബ്ബിന്റെ വെണ്ണക്കലമ്മ, പുത്തൻപറമ്പിൽ എന്നീ വള്ളങ്ങൾ മൂന്നും നാലും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ഇ എം എസ്, കെ കരുണാകരൻ, ടി എം ജേക്കബ്, ഉമാദേവി അന്തർജനം സ്മാരക എവർറോളിങ് ട്രോഫികളും സമ്മാനത്തുകയും നൽകി.

നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 40 പോയിന്റുമായി പിബിസി വീയപുരമാണ് മുന്നില്‍. 36 പോയി​ന്റുമായി യുബിസി നടുഭാഗവും 28 പോയി​ന്റുമായി എന്‍സിഡിസി നിരണവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.താഴത്തങ്ങാടി, കോട്ടയം (ഒക്ടോബര്‍ 7), പുളിങ്കുന്ന്, ആലപ്പുഴ (ഒക്ടോബര്‍ 14), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 21), കരുവാറ്റ, ആലപ്പുഴ (ഒക്ടോബര്‍ 28), കായംകുളം, ആലപ്പുഴ (നവംബര്‍ 18), കല്ലട, കൊല്ലം (നവംബര്‍ 25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ (ഡിസംബര്‍ 2), പ്രസിഡന്റ്‌സ്‌ ട്രോഫി, കൊല്ലം (ഡിസംബര്‍ 9) എന്നിങ്ങനെയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top