കൊച്ചി
ജില്ലയിലെ ബജറ്റിലേത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസനസമിതി. കലക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം. വൈപ്പിൻ മണ്ഡലത്തിൽ പ്രളയ പുനരുദ്ധാരണ പ്രവർത്തന അനുമതി ലഭിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. തീരദേശ പരിപാലന നിയമത്തിലെ ഭേദഗതി അനുസരിച്ച് സ്ലൂയിസുകൾ, ബണ്ടുകൾ എന്നിവ പുനർനിശ്ചയിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
മുറിക്കൽ ബൈപാസുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. അങ്കമാലി പ്രദേശത്ത് ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട അപേക്ഷകൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കണമെന്ന് റോജി എം ജോൺ എംഎൽഎ ആവശ്യപ്പെട്ടു.
കുന്നത്തുനാട് മണ്ഡലത്തിൽ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികൾ കാലതാമസം നേരിടുന്നുണ്ടെന്നും പരിഹരിക്കണമെന്നും പി വി ശ്രീനിജിൻ എംഎൽഎ പറഞ്ഞു. കാക്കനാട് ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗത്തിൽ പറഞ്ഞു. ടേക് എ ബ്രേക് കേന്ദ്രങ്ങളുടെ പ്രവർത്തനവും നിലവിലെ സ്ഥിതിയും കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വികസന കമീഷണർ എം എസ് മാധവിക്കുട്ടി, ജില്ലാ പ്ലാനിങ് ഓഫീസർ പി എ ഫാത്തിമ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..