കളമശേരി
അഹമ്മദ് കബീർ, വി കെ ഇബ്രാഹിംകുഞ്ഞ് പക്ഷങ്ങളുടെ ഏറ്റുമുട്ടലിനിടെ കോടതി നിശ്ചയിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിൽ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി യോഗം ചേർന്നു. സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ജില്ലാ കമ്മിറ്റിയെ അഹമ്മദ് കബീർപക്ഷം കോടതിയിൽ ചോദ്യംചെയ്ത സാഹചര്യത്തിലാണ് മുൻസിഫ് കോടതി അഡ്വ. ടി ഹരികുമാറിനെ നിരീക്ഷകനായി നിയോഗിച്ചത്.
യോഗം ചേർന്നെങ്കിലും കളമശേരിയിൽ നടക്കുന്ന പാർലമെന്റ് കൺവൻഷൻ വിജയിപ്പിക്കാൻ തീരുമാനിച്ച് പിരിയുകയായിരുന്നു. ഭാരവാഹി തെരഞ്ഞെടുപ്പിൽ ലീഗ് ഭരണഘടനയ്ക്ക് വിരുദ്ധമായി ജില്ലാ കമ്മിറ്റിയെ സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്തത് അഹമ്മദ് കബീർപക്ഷം ചോദ്യം ചെയ്‌തതോടെയാണ് തർക്കം രൂക്ഷമായത്. തെരഞ്ഞെടുപ്പ് നടക്കുന്ന പക്ഷം എല്ലാ പദവികളും അഹമ്മദ് കബീർ വിഭാഗം കൈയടക്കുന്നത് തടയാനും വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്ദുൾ ഗഫൂറിനെ ജില്ലാ ഭാരവാഹിയാക്കാനുമായിരുന്നു സംസ്ഥാന പ്രസിഡന്റ് ശ്രമിച്ചത്. ഫെബ്രുവരി 18ന് നോട്ടീസ് നൽകി ജില്ലാ കൗൺസിൽ യോഗം കളമശേരി പത്തടിപ്പാലം ഗവ. റെസ്റ്റ് ഹൗസിൽ ചേർന്നെങ്കിലും ഇബ്രാഹിംകുഞ്ഞ് വിഭാഗം ഗുണ്ടകളെ ഇറക്കി യോഗം അലങ്കോലപ്പെടുത്തിയിരുന്നുവെന്ന് മറുവിഭാഗം ആരോപിക്കുന്നു.
കൗൺസിൽ അംഗങ്ങളിൽ ഭൂരിപക്ഷമുള്ള അഹമ്മദ് കബീർ വിഭാഗം ജില്ലാ പ്രസിഡന്റായി പി കെ ജലീലിനെയും ജനറൽ സെക്രട്ടറിയായി ഹംസ പറക്കാടനെയുമാണ് തീരുമാനിച്ചത്. എന്നാൽ, സംസ്ഥാന കമ്മിറ്റിയിൽ സ്വാധീനം ചെലുത്തി ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിനെ ജനറൽ സെക്രട്ടറിയാക്കി പ്രഖ്യാപനം നടത്തിയത് കോടതി തടഞ്ഞു. അഹമ്മദ് കബീർപക്ഷത്തെ മുതിർന്ന നേതാക്കളെ ഒഴിവാക്കി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിനാൽ കമ്മിറ്റിയുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണിവർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..