19 April Friday

എല്ലാ നഗരത്തിലും സ്ത്രീകള്‍ക്ക്‌ 
താമസകേന്ദ്രം: മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

കാക്കനാട് ഐഎംജി ജങ്ഷനുസമീപം ആരംഭിച്ച "എന്റെ കൂട്' താമസകേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് കെട്ടിടത്തിലെ സൗകര്യങ്ങൾ പരിശോധിക്കുന്നു


കൊച്ചി
സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകൾക്ക്‌ സുരക്ഷിത താമസകേന്ദ്രങ്ങൾ ഒരുക്കുമെന്ന്‌ മന്ത്രി വീണാ ജോർജ് പറഞ്ഞു. വനിതാശിശുവികസനവകുപ്പ് ആരംഭിക്കുന്ന "എന്റെ കൂട്' താമസകേന്ദ്രം കാക്കനാട് ഐഎംജി ജങ്ഷനുസമീപം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നഗരത്തിൽ രാത്രിയെത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിത ഇടമൊരുക്കുകയാണ്‌ ലക്ഷ്യം. കോഴിക്കോട്ട്‌ 2015ലും തിരുവനന്തപുരത്ത് 2017ലും ‘എന്റെ കൂട്’ ആരംഭിച്ചു. വനിതാശിശുവികസന കോർപറേഷന്റെ ഹോസ്റ്റലുകളിലും താൽക്കാലിക താമസസൗകര്യം ഒരുക്കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഉൾപ്പെടെ താമസിക്കാം. ഇവിടേക്ക്‌ സുരക്ഷിതമായി എത്താൻ സ്ത്രീകൾ ഓടിക്കുന്ന ടാക്സികളെയും പദ്ധതിയുമായി ബന്ധിപ്പിക്കും.

സംസ്ഥാനത്ത്‌ വനിതാ വികസന കോർപറേഷന്റെ കീഴിലെ ഹോസ്‌റ്റലുകളിൽ 133 കിടക്കകളുണ്ട്‌. അടുത്തമാസം വനിതാ വികസന കോർപറേഷന്റെ 100 കിടക്കകളുള്ള ഹോസ്റ്റൽ കാക്കനാട്ട്‌ പ്രവർത്തനം ആരംഭിക്കും. ഹോസ്റ്റലുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സ്ഥലം ലഭ്യമാകുന്നമുറയ്ക്ക് സ്ഥാപിക്കും. ഹോസ്‌റ്റലുകളുടെ പ്രവർത്തനത്തിനായി മൊബൈൽ ആപ് തയ്യാറാക്കിയിട്ടുണ്ട്‌. ഓരോ സ്ഥലത്തെയും ഹോസ്റ്റലുകളുടെ വിവരങ്ങൾ ആപ്പിൽ മനസ്സിലാക്കി, താമസത്തിന് രജിസ്റ്റർ ചെയ്യാം. "എന്റെ കൂട്' പദ്ധതിയെയും ആപ്പിൽ ഉൾപ്പെടുത്തും. സ്ത്രീക്ഷേമം ലക്ഷ്യമിട്ടുള്ള തുടർപ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. വീടുകളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലവഹിക്കുന്ന ഷൈനി ജോർജ് ചടങ്ങിൽ അധ്യക്ഷയായി. നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, കൗൺസിലർ വി ഡി സുരേഷ്, വനിതാശിശുവികസനവകുപ്പ് ജോയിന്റ് ഡയറക്ടർ എസ് എൻ ശിവന്യ, എഡിഎം എസ് ഷാജഹാൻ, ഡോ. പ്രേംന മനോജ് ശങ്കർ, എച്ച് താഹിറ ബീവി, എം ബി പ്രീതി എന്നിവർ സംസാരിച്ചു.

മൂന്നുദിവസംവരെ 
താമസം സൗജന്യം, സൗജന്യ 
രാത്രിഭക്ഷണവും
മൂന്നുദിവസംവരെ സൗജന്യ താമസവും സൗജന്യ രാത്രിഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ്‌ "എന്റെ കൂട്' പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്‌. നഗരത്തിൽ രാത്രിയിലെത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിത ഇടമൊരുക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. വൈകിട്ട് ആറരമുതൽ രാവിലെ ഏഴരവരെയാണ് പ്രവർത്തന സമയം. പുലർച്ചെ മൂന്നുവരെ എത്തുന്നവർക്ക്‌ പ്രവേശനം അനുവദിക്കും. രാത്രി എട്ടുവരെ പ്രവേശനം തേടുന്നവർക്ക് സൗജന്യ രാത്രിഭക്ഷണവും ലഭിക്കും. 20 പേർക്ക് ഒരുസമയം താമസിക്കാം. സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസ്സിനുതാഴെയുള്ള ആൺകുട്ടികൾ എന്നിവർക്കും താമസിക്കാം. പരമാവധി മൂന്നുദിവസംവരെ താമസം സൗജന്യമാണ്‌. തുടർന്നുള്ള ഓരോ ദിവസത്തിനും 150 രൂപ നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top