29 March Friday

പൂട്ടിയത്‌ പിഎഫ്‌ഐയുടെ പ്രധാന കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കരയിൽ പെരിയാര്‍വാലി ക്യാമ്പസിൽ പിഎഫ്‌ഐ ഓഫീസ്‌ അടച്ചുപൂട്ടുന്നതിനായി 
പൊലീസ്‌ എത്തിയപ്പോൾ


കൊച്ചി/ആലുവ
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്‌ വ്യാഴം രാത്രി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കരയിൽ പെരിയാർവാലി ക്യാമ്പസിൽ എൻഐഎ അടച്ചുപൂട്ടിയത്‌. പിഎഫ്ഐയുടെ പ്രാദേശിക സംഘടനയായ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റിനുകീഴിലാണ് പെരിയാർവാലി ക്യാമ്പസുള്ളത്.

നിരോധിച്ച പിഎഫ്‌ഐയുടെ പ്രവർത്തകർ ഇവിടെ നിയമവിരുദ്ധമായി കൂടിച്ചേരുന്നുണ്ടെന്ന റൂറൽ എസ്‌പി  വിവേക്‌കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. വെള്ളിയാഴ്ച എസ്‌പിയുടെ നേതൃത്വത്തിൽ ക്യാമ്പസിലെത്തി കെട്ടിടങ്ങളിൽ നോട്ടീസ്‌ പതിച്ചു. വരുംദിവസങ്ങളിൽ കലക്ടർ എത്തി ക്യാമ്പസ്‌ ഏറ്റെടുക്കും. കൂടാതെ പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശേരിയിൽ കടവിൽ ടവേഴ്സിന്റെ ആദ്യനിലയിലെ മൂന്നു മുറികളും എൻഐഎ അടച്ചുപൂട്ടി. പിഎഫ്‌ഐ എറണാകുളം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി ഓഫീസാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌. വെള്ളി വൈകിട്ടാണ്‌ ഓഫീസ്‌ പൂട്ടിയത്‌.

പിഎഫ്‌ഐ എറണാകുളം വെസ്റ്റ്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌, ഇമാം കൗൺസിൽ, ക്യാമ്പസ്‌ ഫ്രണ്ട്‌, നാഷണൽ വിമൻസ്‌ ഫ്രണ്ട്‌, നാഷണൽ ഫെഡറേഷൻ ഓഫ്‌ ഹ്യൂമൺറൈറ്റ്‌സ്‌ ഓർഗനൈസേഷൻ എന്നിവയുടെ ജില്ലാ കമ്മിറ്റി ഓഫീസും പെരിയാർവാലി ക്യാമ്പസിലാണ്‌ പ്രവർത്തിച്ചിരുന്നത്‌. ഉയരമുള്ള മതിലും ഗേറ്റുമാണ് ക്യാമ്പസിനു ചുറ്റും. പൊതുജനങ്ങൾക്ക് പ്രവേശനം പരിമിതമായതിനാൽ പെരിയാർവാലി ക്യാമ്പസിന്റെ പ്രവർത്തനങ്ങൾ രഹസ്യസ്വഭാവമുള്ളതാണ്. ഗേറ്റിനുസമീപം സുരക്ഷാജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. പ്രദേശം മുഴുവനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നിരീക്ഷണത്തിലാണ്‌. 67 സെന്റിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പസ് കെട്ടിടത്തിൽ വന്നുപോകുന്നവർ അധികവും പ്രദേശത്തിനു പുറത്തുള്ളവരാണെന്ന്‌ നാട്ടുകാർ പറയുന്നു. സന്നദ്ധപ്രവർത്തനങ്ങളെന്ന പേരിലാണ് ഓഫീസും മറ്റ്‌ സംവിധാനങ്ങളും പ്രവർത്തിച്ചിരുന്നത്. വ്യാഴം രാത്രി ഒമ്പതിന് പറവൂർ തഹസിൽദാരുടെ നേതൃത്വത്തിലാണ് കുഞ്ഞുണ്ണിക്കരയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ് ക്യാമ്പസ് ഏറ്റെടുത്തത്. എൻഐഎക്കൊപ്പം ആലുവ പൊലീസ് സംഘവും ഉണ്ടായിരുന്നു.

പെരുമ്പാവൂർ പോഞ്ഞാശേരിയിൽ പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഈസ്റ്റ് മേഖലാ കമ്മിറ്റി ഓഫീസിൽ പെരുമ്പാവൂർ പൊലീസ് വെള്ളിയാഴ്‌ച നോട്ടീസ് പതിച്ചു. യുഎപിഎ എട്ട് സെക്‌ഷൻപ്രകാരം പാർടിയെ നിരോധിച്ചതിനാൽ ഓഫീസ് തുറന്നുപ്രവർത്തിക്കരുതെന്നാണ് നോട്ടീസിലെ നിർദേശം. പോഞ്ഞാശേരി കനാൽ കവലയിൽ വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top