20 April Saturday

ഇന്നുമുതൽ നഗരമാലിന്യവും 
ബ്രഹ്മപുരത്തേക്ക്‌ കൊണ്ടുപോകില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


കൊച്ചി
മഴക്കാലത്ത്‌ കേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി പരിഗണിച്ച്‌ വ്യാഴംമുതൽ നഗരമാലിന്യം ബ്രഹ്മപുരത്തേക്ക്‌ കൊണ്ടുപോകില്ല. പകരം വീടുകളിൽനിന്ന്‌ ഉൾപ്പെടെ ശേഖരിക്കുന്ന ഭക്ഷ്യമാലിന്യം ശുചിത്വമിഷന്റെ ചുരുക്കപ്പട്ടികയിൽനിന്ന്‌ തെരഞ്ഞെടുത്ത മൂന്ന്‌ ഏജൻസികൾക്ക്‌ കൈമാറും. ബ്രഹ്മപുരത്ത്‌ പുതിയ സംസ്‌കരണ സംവിധാനവും ബിപിസിഎല്ലിന്റെ കംപ്രസ്‌ഡ്‌ ബയോ ഗ്യാസ്‌ (സിബിജി) പ്ലാന്റും സ്ഥാപിക്കുന്നതുവരെ ഈ സ്ഥിതി തുടരും. ഒരുവർഷത്തിനുള്ളിൽ ഈ സംവിധാനങ്ങൾ സജ്ജമായേക്കും. ബ്രഹ്മപുരത്തെ തീപിടിത്തത്തിനുശേഷം പ്ലാസ്‌റ്റിക്‌ മാലിന്യം അവിടേക്ക്‌ കൊണ്ടുപോകുന്നില്ല. സമീപ തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ജൈവമാലിന്യം ഉൾപ്പെടെ കഴിഞ്ഞമാസംമുതൽ ബ്രഹ്മപുരത്ത്‌ അനുവദിക്കുന്നില്ല.

പുതിയ സംവിധാനത്തിലും വീടുകളിലെ മാലിന്യശേഖരണം പഴയരീതിയിൽ തുടരും. ഹരിതകർമസേനവഴി ശേഖരിക്കുന്ന മാലിന്യം വിവിധ കേന്ദ്രങ്ങളിൽ ചുമതലപ്പെടുത്തിയ ഏജൻസിക്ക്‌ കൈമാറും. നഗരവാസികൾ നൽകുന്ന യൂസർഫീസും പഴയതുതന്നെയായിരിക്കും.ശുചിത്വമിഷന്റെ ചുരുക്കപ്പട്ടികയിൽനിന്ന്‌ പരിഗണിച്ച 13 ഏജൻസികളിൽനിന്നാണ്‌ മൂന്ന്‌ ഏജൻസികളെ മാലിന്യം ശേഖരിച്ച്‌ കൊണ്ടുപോകാൻ ചുമതലപ്പെടുത്തിയത്‌. കിലോയ്‌ക്ക്‌ നാലുരൂപയ്‌ക്കാണ്‌ ഇവർ മാലിന്യമെടുക്കുക. 150 ടണ്ണോളം മാലിന്യമാണ്‌ ദിവസവും ശേഖരിക്കുന്നത്‌. 50 ടൺവീതമാകും മൂന്ന്‌ ഏജൻസികൾക്ക്‌ പങ്കിടുക.

നഗരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സജ്ജമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര പ്രാധാന്യത്തോടെ 10 കോടി രൂപ അനുവദിച്ചത്‌ കോർപറേഷന്റെ പ്രവർത്തനങ്ങൾക്ക്‌ വേഗം പകരും. വികേന്ദ്രീകൃത സംവിധാനങ്ങൾ ഒരുക്കുന്നതിന്‌ ഉൾപ്പെടെ ഈ പണം വിനിയോഗിക്കാം. ഉറവിടമാലിന്യ സംസ്‌കരണത്തിന്‌ പ്രാധാന്യം നൽകിയതോടെ പൊതുസംവിധാനത്തിൽ സംസ്‌കരിക്കാനെത്തുന്ന നഗരമാലിന്യത്തിന്റെ അളവ്‌ വൻതോതിൽ കുറഞ്ഞിട്ടുണ്ട്‌. കുന്നുംപുറം, വെണ്ണല  ഡിവിഷനുകളിൽ തുമ്പൂർമൂഴി മാതൃകയിൽ ആരംഭിച്ച സംസ്‌കരണ സംവിധാനത്തിലൂടെ ഓരോ ടൺ മാലിന്യം സംസ്‌കരിക്കുന്നുണ്ട്‌. 10 ഡിവിഷനുകളിൽക്കൂടി ഹീൽ ബോക്‌സുകൾ സ്ഥാപിക്കുന്നതോടെ ഉറവിടസംസ്‌കരണം കൂടുതൽ വ്യാപകമാകും. ഹോട്ടൽമാലിന്യവും അവർതന്നെയാണ്‌ സംസ്‌കരിക്കുന്നത്‌. 30 ടണ്ണോളം മാലിന്യമാണ്‌ അതുവഴി കുറഞ്ഞത്‌.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 20,000 വീടുകൾക്ക്‌ സബ്സിഡി നിരക്കിൽ ബയോബിന്നുകളും കൃഷിക്കാവശ്യമായ ചട്ടികളും നൽകുന്ന പദ്ധതിയും ആരംഭിച്ചു.  ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 1,13,00,000 രൂപ ചെലവിൽ നഗരത്തിലെ 5794 വീടുകളിലേക്ക് ഓരോ ബയോബിന്നും 5 ചട്ടികളുമാണ്‌ ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്‌.  ഇതുവഴി 20 ടണ്ണോളം മാലിന്യം കുറയുമെന്നാണ്‌ കണക്കാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top