27 April Saturday

കൊച്ചിക്കായലിൽ ഇനി ‘ഇന്ദ്ര’യുഗം ; ബജറ്റ്‌ ടൂറിസം വ്യാപിപ്പിച്ച്‌ ജലഗതാഗതവകുപ്പ്‌

അഞ്‌ജുനാഥ്‌Updated: Saturday Apr 1, 2023


കൊച്ചി
സാധാരണക്കാരുടെ വിനോദസഞ്ചാര സ്വപ്‌നം യാഥാർഥ്യമാക്കി ജലഗതാഗതവകുപ്പ്‌ കൊച്ചിയിൽ ആദ്യ ക്രൂസ്‌ ബോട്ട്‌ ‘ഇന്ദ്ര’ നീറ്റിലിറക്കുന്നു. മെയ്‌ അവസാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രണ്ടുനിലകളുള്ള ഇന്ദ്രയിൽ കേന്ദ്രീകൃത ശീതീകരണ സംവിധാനമുണ്ട്‌. 50 പേർക്ക്‌ യാത്ര ചെയ്യാം. എല്ലാം പുഷ്‌ബാക്‌ സീറ്റുകളാണ്‌. പൂർണമായും സൗരോർജത്തിലാണ്‌ പ്രവർത്തനം. മുകൾത്തട്ടിലെ തുറന്നസ്ഥലത്ത്‌ ഭക്ഷണം കഴിക്കാനും ചെറിയ കലാപരിപാടികൾ സംഘടിപ്പിക്കാനും സൗകര്യമുണ്ട്‌. ഇരട്ടഹൾ ആധുനിക കറ്റമരൻ സാങ്കേതികവിദ്യയിലുള്ളതാണ്‌ ബോട്ട്‌. ജലഗതാഗതവകുപ്പിന്റെ മേൽനോട്ടത്തിൽ അരൂരിലെ സ്വകാര്യ യാർഡിലാണ്‌ നിർമിച്ചത്‌. രണ്ട്‌ പാതകളാണ്‌ സർവീസിന്‌ പരിഗണനയിലുള്ളത്‌. എറണാകുളം ജെട്ടിയിൽനിന്ന്‌ പുറപ്പെട്ട്‌, ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ, കടമക്കുടി എന്നിവിടങ്ങൾ സന്ദർശിച്ച്‌ തിരികെയെത്തുന്നതും മറൈൻഡ്രൈവ്‌, താന്തോണിത്തുരുത്ത്‌ വഴിയുള്ളതുമാണ്‌ റൂട്ടുകൾ. അന്തിമതീരുമാനം പിന്നീടുണ്ടാകും.

സാധാരണക്കാരന്‌ താങ്ങാനാകുന്ന നിരക്കിലുള്ള ‘ബജറ്റ്‌ ടൂറിസം’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ജലഗതാഗതവകുപ്പ്‌ എംഡി ഷാജി പി നായർ പറഞ്ഞു. ആലപ്പുഴയിൽ ‘വേഗ രണ്ട്‌’ബോട്ട്‌ നല്ലരീതിയിൽ സർവീസ്‌ നടത്തുന്നുണ്ട്‌. ഇതുകൂടാതെ പുതിയ രണ്ട്‌ സോളാർ ബോട്ടുകൾകൂടി പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. കോട്ടയത്തും കണ്ണൂരുമാകും ഇവ സർവീസ്‌ നടത്തുക.

വേഗ ഒന്ന്‌ ഉടൻ 
പുറത്തിറങ്ങും
വൈക്കം–-എറണാകുളം പാതയിൽ സർവീസ്‌ നടത്തിയിരുന്ന ജലഗതാഗതവകുപ്പിന്റെ ആധുനിക ബോട്ട്‌ "വേഗ ഒന്ന്‌' ഇന്ത്യൻ രജിസ്‌ട്രാർ ഓഫ്‌ ഷിപ്പിങ്ങിന്റെ പരിശോധനയ്ക്കുശേഷം ഉടൻ പുറത്തിറക്കുമെന്ന്‌ ജലഗതാഗതവകുപ്പ്‌ എംഡി അറിയിച്ചു. പതിവ്‌ പരിശോധനകൾക്കായി ഡ്രൈഡോക്ക്‌ ചെയ്‌തിരിക്കുകയാണിപ്പോൾ. വൈക്കം–-എറണാകുളം സർവീസ്‌ യാത്രക്കാർ കുറഞ്ഞതുമൂലം അവസാനിപ്പിച്ചിരുന്നു. പിന്നീട്‌ എറണാകുളത്തായിരുന്നു ഓടിച്ചിരുന്നത്‌. ഇപ്പോൾ വൈക്കം–-എറണാകുളം റൂട്ടിൽ സർവീസ്‌ പുനരാരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌. പരിശോധന പൂർത്തിയാക്കി ഇറക്കിയശേഷം പാത തീരുമാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top