21 June Friday

60 ചതുരശ്ര മീറ്റർ വരെയുള്ള 
വീടുകൾക്ക്‌ നികുതിയില്ല ; അപേക്ഷിച്ചാൽ ഉടൻ നിർമാണ പെർമിറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023


തിരുവനന്തപുരം
60 ചതുരശ്ര മീറ്റർ വരെയുള്ള (650 ചതുരശ്ര അടി ) വീടുകൾക്ക്‌ നികുതി ഒഴിവാക്കി. നേരത്തേ ബിപിഎൽ വിഭാഗങ്ങളുടെ 30 ചതുരശ്ര മീറ്റർവരെയുള്ളവയ്‌ക്ക്‌ മാത്രമായിരുന്നു ഇളവ്. ഒരാൾക്ക് ഒരു വീടിനേ  ഇളവുണ്ടാകൂ. ലൈഫ്, പുനർഗേഹം  പദ്ധതികൾക്കു കീഴിലുള്ള ബഹുനില കെട്ടിടങ്ങൾക്കും ഇളവ്‌ ലഭിക്കും. ഫ്ളാറ്റ്‌,  വില്ലകൾക്ക് ഇളവുണ്ടാകില്ല. 9എച്ച് ഫോമിൽ ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്.

ഏപ്രിൽ ഒന്നുമുതൽ കെട്ടിട നികുതി അഞ്ചുശതമാനം വർധിപ്പിക്കുമ്പോൾ നികുതി ചോർച്ച തടയുന്നതിനും കെട്ടിടത്തിന്‌ വരുത്തിയ മാറ്റങ്ങൾ കണ്ടെത്തുന്നതിനും വിപുലമായ പരിശോധനയ്‌ക്ക്‌ ഉത്തരവിറങ്ങി. നികുതി നിർണയിച്ചശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിലോ ഉപയോഗരീതിയിലോ മാറ്റം വരുത്തിയാൽ ഒരുമാസത്തിനുള്ളിൽ തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കണം. ഇല്ലെങ്കിൽ 1000 രൂപയോ പുതുക്കിയ നികുതിയോ, ഇവയിൽ കൂടുതലുള്ള തുക പിഴയായി ചുമത്തും. അനധികൃത നിർമാണത്തിന് മൂന്നിരട്ടി നികുതി ചുമത്തും. 1500 ചതുരശ്ര അടിവരെയുള്ള വീടുകളെ ഇതിൽനിന്ന് ഒഴിവാക്കി. കൂട്ടിച്ചേർത്തഭാഗം ഭിത്തിയോ ഗ്രില്ലോ സ്ഥാപിച്ചുതിരിക്കാത്ത വരാന്തയോ ഷെഡോ ആണെങ്കിൽ നികുതിയില്ല. ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേൽക്കൂരയ്ക്കും ഇളവുണ്ട്‌.

മെയ് 15നു മുമ്പ്‌  സ്വമേധയാ അറിയിച്ചാൽ പിഴ ഒഴിവാക്കും. പരിശോധന ജൂൺ 30നകം പൂർത്തിയാക്കും. പരിശോധന കഴിഞ്ഞ് 30 ദിവസത്തിനകം‌ ഉടമയ്‌ക്ക്‌ നോട്ടിസ് നൽകും. ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനകം സെക്രട്ടറിയെ അറിയിക്കാം. ഇത്‌ അതത്‌ തദ്ദേശസ്ഥാപനത്തിലെ സമിതി  പരിശോധിച്ച് 30 ദിവസത്തിനകം തീർപ്പാക്കണം. കെട്ടിടം വിറ്റാൽ 15 ദിവസത്തിനകം അറിയിക്കണം. വീഴ്ച വരുത്തിയാൽ 500 രൂപ പിഴയുണ്ടാകും.  

അപേക്ഷിച്ചാൽ ഉടൻ നിർമാണ പെർമിറ്റ്
കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അപേക്ഷിച്ചാൽ ഉടൻ പരിശോധനയില്ലാതെ അന്നുതന്നെ  ഇനി കെട്ടിടനിർമാണ പെർമിറ്റ്. വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട നിർമാണങ്ങൾക്കാണ് ഈ സൗകര്യം. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി.  നിർമാണ പെർമിറ്റിന്‌ അപേക്ഷിച്ചാൽ പല പരിശോധനയും കാലതാമസവും തടസ്സങ്ങളും പരാതിയും  അഴിമതിയും ഇല്ലാതാക്കാനാണ്‌ സുപ്രധാന തീരുമാനമെന്ന്‌ തദ്ദേശ മന്ത്രി എം ബി രാജേഷ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ ഒന്നുമുതൽ  നഗരങ്ങളിൽ നടപ്പാക്കുന്ന ഈ സൗകര്യം അടുത്തഘട്ടമായി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. 

കെട്ടിട ഉടമസ്ഥരുടെയും പ്ലാൻ തയ്യാറാക്കി മേൽനോട്ടം വഹിക്കുന്ന  ലൈസൻസി, എം പാനൽ എൻജിനിയർമാർ എന്നിവരുടെയും  സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷിച്ച ദിവസം തന്നെ പെർമിറ്റ് ലഭിക്കും. നിർമാണച്ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്ന സത്യവാങ്‌മൂലം അപേക്ഷയോടൊപ്പം നൽകണം. വസ്തുത  മറച്ചുവച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ പിഴ,  കെട്ടിടം  പൊളിച്ചുനീക്കൽ, എം പാനൽ ഏജൻസി  ലൈസൻസ് റദ്ദാക്കൽ  തുടങ്ങിയ നടപടി സ്വീകരിക്കും. ഏപ്രിൽ ഒന്നുമുതൽ ചെറുകിട കെട്ടിടങ്ങളുടെ പെർമിറ്റിന്‌ ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കും. ഇതോടെ തദ്ദേശ എൻജിനിയറിങ് വിഭാഗത്തിന് പദ്ധതി പ്രവർത്തനങ്ങളിൽ  കേന്ദ്രീകരിക്കാനാകും.

നിർമാണ പെർമിറ്റ് ഫീസ്‌  പരിഷ്‌കരിക്കും. നിരക്ക് പിന്നീട് നിശ്ചയിക്കും. കാലോചിത വർധനയുണ്ടായാലും രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും കേരളത്തിൽ. ചട്ടങ്ങൾ  പാലിച്ച്‌  നിർമാണം നടത്താൻ സംസ്ഥാനത്തുടനീളം ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top