29 March Friday

തൃക്കാക്കരതൊടും കൊച്ചി മെട്രോ

എ എസ് ജിബിനUpdated: Tuesday May 17, 2022


കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ കൊച്ചി ന​ഗരമധ്യത്തിൽനിന്ന് തൃക്കാക്കരയിലേക്ക് നിമിഷങ്ങൾകൊണ്ട്‌ എത്താനാകും. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽനിന്ന്‌ കാക്കനാട്‌ ഇൻഫോപാർക്കുവരെ നീളുന്ന 11.2 കിലോമീറ്റർ മെട്രോ റെയിൽ അതിവേ​ഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. 11 സ്‌റ്റേഷനുകളാണ്‌ ഈ പാതയിലുണ്ടാകുക. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ പദ്ധതി യാഥാർഥ്യമാക്കാൻപാകത്തിൽ അതിവേ​ഗമാണ് സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുക്കലും റോഡിന് വീതികൂട്ടലും നടപ്പാക്കുന്നത്. സീപോർട്ട്‌–-എയർപോർട്ട്‌ റോഡിൽ കാക്കനാടുമുതൽ ഇൻഫോപാർക്കുവരെ വീതികൂട്ടൽ ആരംഭിച്ചു. പാലാരിവട്ടംമുതൽ കാക്കനാടുവരെയുള്ള റോഡിന്‌ വീതികൂട്ടാൻ രണ്ട്‌ വില്ലേജുകളിൽ പൂർണമായി സ്ഥലം ഏറ്റെടുത്തു. കാക്കനാട്‌ വില്ലേജിലെ വാഴക്കാലമുതൽ ഇൻഫോപാർക്കുവരെ ഏറ്റെടുക്കേണ്ട 50 സെന്റ്‌ ഏറ്റെടുത്തു. ഭൂ ഉടമകൾക്ക്‌ 14.34 കോടി രൂപ നഷ്ടപരിഹാരം നൽകി. ഇടപ്പള്ളി വില്ലേജിലെ രണ്ടേക്കർ ഭൂമി ഏറ്റെടുക്കലും പൂർത്തിയായി. 124 കോടി രൂപ ഇവിടെയും ഭൂ ഉടമകൾക്ക്‌ നൽകി. വാഴക്കാല വില്ലേജിൽ 168 പേരുടെ എട്ടരയേക്കർ ഭൂമി ഏറ്റെടുക്കാനുള്ളതിൽ 68 പേരുടെ ഭൂമി, നഷ്ടപരിഹാരം നൽകി ഏറ്റെടുത്തു. ബാക്കി ഭൂമി ഏറ്റെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്‌.

എന്നാൽ, പദ്ധതി എങ്ങനെ വൈകിപ്പിക്കാമെന്ന പരീക്ഷണത്തിലാണ്‌ കേന്ദ്ര ബിജെപി സർക്കാരും സംസ്ഥാനത്തെ പ്രതിപക്ഷമായ യുഡിഎഫും. തത്വത്തിൽ അനുമതി ലഭിച്ചിട്ട്‌ മൂന്നുവർഷമായി. കേന്ദ്രബജറ്റിൽ പ്രഖ്യാപനം വന്നിട്ട്‌ രണ്ടുവർഷമായി. പദ്ധതി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ വന്ന്‌ രണ്ടുവർഷമായിട്ടും അനുമതി നൽകിയിട്ടില്ല. യുഡിഎഫ്‌ എംപിയാകട്ടെ പദ്ധതിക്കായി സമ്മർദം ചെലുത്തുന്നുമില്ല.

വരുന്നു, ബ്ലിസ് സിറ്റി
തൃക്കാക്കരയിലേക്ക്‌ മെട്രോ എത്തിക്കാൻ ഒരുക്കം തുടങ്ങിയതിനൊപ്പം തൃക്കാക്കര മണ്ഡലത്തെ കൊച്ചിയുടെ പ്രധാന വാണിജ്യ, വിനോദ കേന്ദ്രമാക്കാനുള്ള പദ്ധതിക്കും പ്രാരംഭപ്രവർത്തനങ്ങൾ അതിവേഗത്തിൽ.

തൃക്കാക്കര മണ്ഡലത്തിന് വികസന തിലകക്കുറി ചാർത്തി കാക്കനാട്ടെ 31 ഏക്കർ ഭൂമിയിൽ ‘കൊച്ചി മെട്രോ റെയിൽ കോർപറേഷൻ എന്റർടെയ്‌ൻമെന്റ്‌ -ഹബ്ബ്– ബ്ലിസ് സിറ്റി’യാണ്‌ വരുന്നത്‌. പദ്ധതി യാഥാർഥ്യമാകുന്നതോടെ തൃക്കാക്കര മണ്ഡലം കേരളത്തിലെ പ്രധാന വിനോദ–-വാണിജ്യ കേന്ദ്രമായി മാറും. ഷോപ്പിങ് മാളുകളും തിയറ്ററുകളും ഓഫീസ് സമുച്ചയങ്ങളും ഉൾക്കൊള്ളുന്ന ബ്ലിസ് സിറ്റിയെ ജനങ്ങൾ വിനോദത്തിനുള്ള ഇടമായും പ്രധാന തൊഴിലിടമായും പ്രയോജനപ്പെടുത്തും. നേരിട്ടും അല്ലാതെയുമുള്ള നിരവധി തൊഴിലവസരങ്ങളാണ് ബ്ലിസ് സിറ്റിയിലൂടെ ജനങ്ങളെ കാത്തിരിക്കുന്നത്.

മെട്രോ റെയിൽ എന്നതിനപ്പുറത്ത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (കെഎംആർഎൽ) വളർത്തുകയെന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോയുമായി ചേർന്ന് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഭാ​ഗമായാണ് ബ്ലിസ് സിറ്റി നടപ്പാക്കുന്നത്. പദ്ധതിക്കായി പൊതുമരാമത്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ 17.43 ഏക്കർ ഭൂമി മെട്രോയ്ക്ക് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നമുറയ്ക്ക് മാസ്റ്റർ പ്ലാനിന് അനുസൃതമായി ബ്ലിസ് സിറ്റി യാഥാർഥ്യമാകും. കെഎംആർഎല്ലിന്റെ വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. കെഎംആർഎല്ലിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കെപിഎംജിയുടേതാണ് മാസ്റ്റർ പ്ലാൻ.‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top