24 April Wednesday

സുരക്ഷയ്‌ക്ക്‌ മുന്നൊരുക്കവുമായി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
ആലപ്പുഴ
വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷയ്‌ക്ക്‌ ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. സ്‌കൂളിന്റെ പരിസരത്ത്‌ മയക്കുമരുന്ന് വിൽപ്പന, പുകയില ഉൽപ്പന്നങ്ങളുടെ വ്യാപാരം, വിതരണം എന്നിവ തടയുന്നതിന് കടകളും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കും. പെൺകുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങളും ബസ് ജീവനക്കാരുടെയടക്കം സഭ്യമല്ലാത്ത പെരുമാറ്റങ്ങളും തടയും. ടിപ്പർലോറികൾ സമയക്രമം പാലിക്കുന്നുണ്ടെന്ന്  ഉറപ്പാക്കും. കുട്ടികൾ റോഡുമുറിച്ച് കടക്കുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ പൊലീസിന്റെയും സ്‌റ്റുഡന്റ്സ് പൊലീസിന്റെയും സഹായം ഉറപ്പാക്കും.
സ്വകാര്യബസുകളിൽ യാത്രയിളവ് നിഷേധിക്കുക, വിദ്യാർഥികളെ കയറ്റാതിരിക്കുക തുടങ്ങിയ സംഭവങ്ങൾ ഒഴിവാക്കാൻ ബസുടമകൾക്ക് നിർദേശം നൽകി. കുട്ടികളിലെ പുകയില ഉപയോഗം തടയാൻ ക്ലീൻ കാമ്പസ്, സേഫ് കാമ്പസ്, യോദ്ധാവ് പദ്ധതികൾ നടപ്പാക്കും. 
പൂവാലശല്യം ഒഴിവാക്കുന്നതിന്‌ പിങ്ക്, ഷാഡോ പൊലീസ്‌ സേവനം ഉപയോഗിക്കും. ബസ് സ്‌റ്റാൻഡുകളിലും തിരക്കുള്ള നിരത്തുകളിലും പൊലീസ് സാന്നിധ്യമുണ്ടാകും. തിരക്കുള്ള റോഡുകൾക്ക് സമീപമുള്ള സ്‌കൂളുകൾക്ക് മുമ്പിൽ സ്‌പീഡ് ലിമിറ്റ് ബോർഡുകൾ സ്ഥാപിക്കും. സ്‌കൂൾ പരിസരങ്ങളിൽ പൊലീസ്‌ സേവനമുണ്ടാകും. സ്വകാര്യവാഹനങ്ങളിൽ കുട്ടികളെ അനിയന്ത്രിതമായി കയറ്റാൻ അനുവദിക്കില്ല. 
സ്‌കൂൾ വാഹന ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുക, പോക്‌സോ അടക്കമുള്ള കേസുകളിൽ ഉൾപ്പെടുക തുടങ്ങിയവരെ ജോലികളിൽനിന്ന്‌ ഒഴിവാക്കാൻ നിർദേശം നൽകും. സ്‌കൂൾ ബസ്‌ ഡ്രൈവർമാരും മറ്റ് ജീവനക്കാരും പിസിസി അടക്കമുള്ള രേഖകൾ നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കും. കൺട്രോൾറൂം വാഹനവും പ്രത്യേക ബൈക്ക് പട്രോളിങ്‌ യൂണിറ്റും നിരത്തിലുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top