23 April Tuesday

ഒരുമയോടെ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

ആലപ്പുഴ

കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6627 പേർ. തിങ്കളാഴ്‌ച പുതുതായി 360 പേരെ നിരീക്ഷണത്തിലാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി,  ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിൽ 15 പേർ നിരീക്ഷണത്തിലുണ്ട്‌. മെഡിക്കൽ കോളേജിൽ 12 പേരും ഹരിപ്പാട്‌ മൂന്നുപേരുമാണ്‌ ആശുപത്രിയിലുള്ളത്‌. വീടുകളിൽ 6612 പേരാണ്‌ നിരീക്ഷണത്തിൽ. തിങ്കളാഴ്‌ച ഒരാളെ ആശുപത്രി നിരീക്ഷണത്തിലാക്കി. 
കോവിഡ്‌ 19 സ്ഥിരീകരിച്ചയാൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധനയ്‌ക്ക്‌ അയച്ച 253 സാമ്പിളുകളിൽ ഫലംവന്ന 231 എണ്ണവും നെഗറ്റീവാണ്‌. തിങ്കളാഴ്‌ച 11 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു.
14,766 പൊതിച്ചോറ്‌
സമൂഹഅടുക്കളകൾ വഴി ജില്ലയിൽ തിങ്കളാഴ്‌ച 14,766 പേർക്ക് ഉച്ചഭക്ഷണം നൽകി. ഇതിൽ 2543 അതിഥി തൊഴിലാളികളും ഉൾപ്പെടും. 11,466 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. 
അഗതികൾ, കിടപ്പു രോഗികൾ, ഭിക്ഷാടകർ, നിർധനർ എന്നിവർക്കും സൗജന്യമായാണ്‌ ഭക്ഷണം നൽകിയത്‌. ഭക്ഷണത്തിന്‌ 20 രൂപയും വീട്ടിൽ എത്തിച്ചു നൽകുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്.
ജില്ലയിൽ 40 കേസുകൾ  
ലോക്ക്‌ഡൗൺ ലംഘനങ്ങളുടെ പേരിൽ തിങ്കളാഴ്‌ച ജില്ലയിൽ 40 കേസെടുത്തു. 24 വാഹനങ്ങൾ പിടിച്ചെടുത്തു. റോഡരികിൽ ആവശ്യമില്ലാതെ നിന്ന നാല്‌ യുവാക്കൾക്കെതിരെയും കൂട്ടംകൂടി നിന്നതിന്‌ ആറു പേർക്കെതിരെയും വ്യാജ സത്യവാങ്മൂലം ഉപയോഗിച്ചുള്ള യാത്രയ്‌ക്ക്‌ ആറുപേർക്കെതിരെയും സത്യവാങ്മൂലം ഇല്ലാതെയുള്ള യാത്രയ്‌ക്ക്‌ അഞ്ചു പേർക്കെതിരെയും കേസെടുത്തു. 45 പേരെ അറസ്‌റ്റ്‌ചെയ്‌തു.
നോഡല്‍ ഓഫീസർ
ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം, ജിയോ ടാഗിങ്, അവരുടെ ക്ഷേമം വിലയിരുത്തൽ എന്നിവയ്‌ക്ക്‌ ലൈഫ് മിഷൻ ജില്ല കോ-–-ഓർഡിനേറ്റർ പി പി ഉദയസിംഹനെ നോഡൽ ഓഫീസറായി നിയമിച്ചു.
സ്ഥാപനങ്ങൾ സാമൂഹിക അകലം ഉറപ്പാക്കണം
മാർക്കറ്റുകൾ, ബാങ്കുകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്‌ക്ക്‌ മുമ്പിൽ ആളുകൾ നിശ്ചിത അകലം പാലിക്കുന്നെന്ന് സ്ഥാപന ഉടമകൾ/മേധാവികൾ ഉറപ്പാക്കണമെന്ന് കലക്‌ടർ അറിയിച്ചു. ക്യൂ നിൽക്കാനുള്ള നിശ്ചിത അകലം സ്ഥാപനങ്ങൾക്കു മുമ്പിൽ  അടയാളപ്പെടുത്തണം. സോപ്പുപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യവും സാനിറ്റൈസറും ഒരുക്കണം. ഇതിന്‌ വിരുദ്ധമായി പ്രവർത്തിച്ചാൽ  നടപടിയെടുക്കും.
നിരീക്ഷണത്തിലുള്ളവർ  വിവരങ്ങൾ വെളിപ്പെടുത്തണം 
വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ഓട്ടോമേറ്റഡ് കോൾ വഴി ആരോഗ്യവകുപ്പ്‌ ബന്ധപ്പെടുമ്പോൾ ക‌ൃത്യമായ മറുപടി നൽകണമെന്ന് കലക്‌ടർ. കൺട്രോൾറൂമിൽനിന്ന്  രോഗവിവരങ്ങൾ തിരക്കിയുള്ള കോളുകൾക്ക് പലരും ക‌ൃത്യമായി മറുപടി നൽകുന്നില്ല. നിരീക്ഷണത്തിലുള്ളവരുടെ രോഗവിവരങ്ങളും ആവശ്യങ്ങളും അറിയാനാണ് ദിവസവും ഫോൺവഴി ബന്ധപ്പെടുന്നത്‌. 
 കോൾ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതേ നമ്പറിലേക്ക് തിരിച്ചുവിളിച്ച്‌ വിവരങ്ങൾ കൈമാറണം. കോളുകൾക്ക്  മറുപടി തന്നാൽ മാത്രമേ ക‌ൃത്യമായ വിവരശേഖരണം സാധ്യമാകൂ. 0484–-7136828 എന്ന നമ്പറിൽനിന്നാണ്‌ വിവരശേഖരണം.
ഹോംകോ സാനിറ്റൈസർ നൽകി 
കോവിഡ് 19 നേരിടുന്നതിന്റെ ഭാഗമായി ഹോംകോ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് സൗജന്യമായി സാനിറ്റൈസർ വിതരണം ചെയ്‌തു. ഹോംകോ മാനേജിങ് ഡയറക്‌ടർ ഡോ. പി ജോയിയിൽനിന്നും ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് ഏറ്റുവാങ്ങി. പൊതുജനങ്ങൾക്ക് പാതിരപ്പള്ളിയിലെ ഹോംകോ ഔട്ട്‌ലെറ്റിൽ നിന്നും സാനിറ്റൈസർ വാങ്ങാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top