20 April Saturday
തലയെടുപ്പോടെ തമ്പകച്ചുവട് ഗവ. യുപി സ്‌കൂൾ

അടുത്തവർഷത്തേക്ക്‌ 
104 കുട്ടികൾ ഇപ്പോൾതന്നെ റെഡി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

തമ്പകച്ചുവട് ഗവ. യുപി സ്കൂൾ അഡ്മിഷൻ മേള പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മണ്ണഞ്ചേരി
അടുത്ത അധ്യയനവർഷത്തേക്ക് ഇപ്പോൾതന്നെ 104 കുട്ടികൾ പ്രവേശനം ഉറപ്പാക്കി തലയെടുപ്പോടെ തമ്പകച്ചുവട് ഗവ. യുപി സ്‌കൂൾ. പ്രീ -പ്രൈമറി, പ്രൈമറി ക്ലാസുകളിലേക്ക് ഒരുമണിക്കൂറിനുള്ളിലാണ് ഇത്രയും കുട്ടികൾ  പുതിയതായി പ്രവേശനം നേടിയത്. 
തിങ്കളാഴ്‌ച നടത്തിയ അഡ്മിഷൻമേളയിലൂടെയാണ് മികവിന്റെ നേർക്കാഴ്‌ചയൊരുക്കുന്ന ഈ വിദ്യാലയത്തിലേക്ക്‌ കുട്ടികൾ   കടന്നുവന്നത്. നിലവിൽ 1065 കുട്ടികൾ പഠിക്കുന്നു.
ആറ്‌ പതിറ്റാണ്ടിന്റെ അക്ഷരസുകൃതവുമായി മുന്നേറുന്ന ഈ വിദ്യാലയം എല്ലാ മേഖലകളിലും തിളക്കത്തോടെ ജില്ലയിൽ മുന്നിലാണ്. എൽകെജിമുതൽ ഏഴാം ക്ലാസ്‌വരെ ഇനിയും കൂടുതൽ കുട്ടികൾ പ്രവേശനം നേടുമെന്ന് പ്രധാനാധ്യാപിക എം ഉഷാകുമാരി പറഞ്ഞു.
അഡ്മിഷൻ മേള പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ നവീകരണത്തിനും പുതിയ ക്ലാസ്‌മുറികൾ പണിയുന്നതിനും വേണ്ട സഹായം നൽകുമെന്ന് എംഎൽഎ പറഞ്ഞു.
 
കുട്ടികളുടെ മികവ്‌ പ്രദർശനവും ഉണ്ടായിരുന്നു.
ശാസ്‌ത്ര–--സാമൂഹ്യശാസ്‌ത്ര–--ഗണിത–-പ്രവൃത്തിപരിചയ മേളകളിലെ മികച്ച പ്രവർത്തനങ്ങൾ പ്രദർശനത്തെ വേറിട്ടതാക്കി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ പ്ലാസ്‌റ്റിക് മനുഷ്യൻ ശ്രദ്ധേയമായി. സ്‌കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനമേളയും നടന്നു. തമ്പകച്ചുവടിന്റെ കുട്ടിത്താരങ്ങൾ അവതരിപ്പിച്ച നാടൻപാട്ടരങ്ങ് മേളയ്‌ക്ക്‌ കൊഴുപ്പേകി.
 
ഉദ്ഘാടനച്ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇ കെ ജ്യോതിഷ്‌കുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി വി അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. പി എ ജുമൈലത്ത്, എം എസ് സന്തോഷ്‌, കെ  ഉദയമ്മ, ടി കെ ശരവണൻ, ലതിക ഉദയൻ, ബിന്ദു സതീശൻ, ദീപ സുരേഷ്, പി എ സൈദ്, വി ആർ ബിന്ദു, പ്രധാനാധ്യാപിക എം ഉഷാകുമാരി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top