ആലപ്പുഴ
ഒരിക്കൽ പടിയിറങ്ങിയ സ്‌കൂൾ മുറ്റത്തേക്ക് ജില്ലയിലെ കുടുംബശ്രീ വനിതകൾ പ്രായഭേദമന്യേ ഞായറാഴ്‌ച മടങ്ങിയെത്തും. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളിൽ’ പദ്ധതിയിൽ ജില്ലയിൽ എത്തുക 3,43,322 കുടുംബശ്രീ അംഗങ്ങൾ. പരിശീലനം ലഭിച്ച 1063 റിസോഴ്സ് പേഴ്സൺമാർ അധ്യാപകരായി എത്തും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനും പുതിയ സാധ്യതകൾക്കനുസരിച്ച് നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ സജ്ജമാക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 30 വരെയാണ് ക്യാമ്പയിൻ. ജില്ലാതലത്തിൽ പദ്ധതിയുടെ ആദ്യ ബാച്ച് ഞായർ 9.30ന് പുലിയൂർ പേരിശേരി ഗവ. യുപി സ്‌കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. ആദ്യബാച്ചിൽ 19810 പേരാണ് പഠിതാക്കളാകുന്നത്. സിഡിഎസിന് കീഴിലെ അംഗങ്ങൾക്ക് അതിർത്തികളിലെ വിദ്യാലയങ്ങളിലാകും ക്ലാസുകൾ ഒരുക്കുക. ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനായി ജില്ലയിൽ 200ൽ അധികം സ്‌കൂളുകളാണ് അനുവദിച്ചിരിക്കുന്നത്. ബാഗും ചോറ്റുപാത്രവും യൂണിഫോമും ധരിച്ചാകും ക്ലാസിലെത്തുക. ഡിജിറ്റൽകാലത്തെ അറിവുകൾ നേടാൻ കൈയിൽ സ്‌മാർട്ട് ഫോണും ഇയർഫോണും കരുതണം. രാവിലെ 9.30ന് അസംബ്ലിയോടെ ക്ലാസ് തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..