27 April Saturday

വാർത്തയിലെ സത്യംതേടി മാധ്യമ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
അമ്പലപ്പുഴ
സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാർ സംഘടിപ്പിച്ചു. "സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം" എന്ന സെമിനാർ സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് സുജാത ഉദ്ഘാടനം ചെയ്‌തു. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾക്കുനേരെ മാധ്യമങ്ങൾ കണ്ണടയ്‌ക്കുകയാണെന്ന്‌ സുജാത പറഞ്ഞു.  സർക്കാരിനെ അകാരണമായി വിമർശിച്ച്‌ വികസന പ്രവർത്തനങ്ങൾ തടയാനാണ് ശ്രമം. 
പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ അധ്യക്ഷനായി. 
 മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ വിഷയം അവതരിപ്പിച്ചു. സത്യംപോലെ തോന്നുന്ന ഒന്ന് സത്യമെന്നമട്ടില്‍ അവതരിപ്പിക്കുക എന്ന വിഷ്വാലിറ്റി രീതിയിലെ മാധ്യമപ്രവർത്തനമാണിപ്പോൾ. ഒരു നാടിന്റെ പോളിസിയെപ്പോലും മാറ്റാൻ കഴിയുന്നത്ര മലീമസമായ രീതിയാണിത്. ഈ രീതിയാണ് സ്വർണക്കടത്തു കേസിലുൾപ്പെടെ മാധ്യമങ്ങൾ നടത്തിയത്. അന്വേഷണ ഏജൻസികൾ പുറത്തുവിടുന്നത്‌ മാത്രം വാർത്തയാക്കി. എന്തോ ഒന്ന് നടന്നിട്ടില്ലേ എന്ന് ജനങ്ങൾ സംശയിക്കും വിധമായിരുന്നു റിപ്പോർട്ടിങ്. ഇത്തരം വാർത്തകളുടെ സംപ്രേക്ഷണമൂല്യം വളരെ വലുതാണ്. 
 ഓഫറുകളിലൂടെ സൗജന്യമായി നിങ്ങൾക്ക് ആരെങ്കിലും ഒരു ഉൽപ്പന്നം തരുന്നുണ്ടെങ്കിൽ നിങ്ങൾ അറിയാതെ നിങ്ങൾ തന്നെ ഒരു ഉൽപ്പന്നമായി മാറുകയാണ്– -ഡോ. അരുൺകുമാർ പറഞ്ഞു. അൽപ്പം യുക്തിയും ജനാധിപത്യ ബോധവും ഉണ്ടായിരുന്നെങ്കിൽ സ്വർണക്കടത്ത് കേസ് മാധ്യമങ്ങൾ ഇത്തരത്തിൽ കൈകാര്യം ചെയ്യില്ലായിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ ശരത്ചന്ദ്രൻ പറഞ്ഞു.  വി കെ ബൈജു, സി ഷാംജി, ജെ ജയകുമാർ എന്നിവർ സംസാരിച്ചു. എ ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top