26 April Friday

നുഴഞ്ഞുകയറ്റക്കാര്‍ക്ക് കിഴുക്ക് കിട്ടും; ഓണ്‍ലൈന്‍ പഠനം സുരക്ഷിതമാക്കാന്‍ ജി സ്യൂട്ട്

എം കെ പത്മകുമാർUpdated: Friday Jul 30, 2021

ജി സ്യൂട്ട് സംവിധാനമുള്ള ഫോണില്‍ ഓണ്‍ലൈന്‍ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥിനി

 
 
ആലപ്പുഴ> നുഴഞ്ഞുകയറ്റക്കാരെ തടഞ്ഞ്‌ ഓൺലൈൻ ക്ലാസുകൾ സുരക്ഷിതവും സുതാര്യവുമാക്കാൻ ജി സ്യൂട്ട്‌ പൊതുപ്ലാറ്റ്‌ഫോം കൂടുതൽ സ്‌കൂളുകളിലേക്ക്. ആഗസ്‌ത്‌ ആദ്യവാരം മുതൽ 19 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളില്‍ ഈ സംവിധാനത്തിലാകും ക്ലാസുകള്‍. 
കല്ലിശേരി, അമ്പലപ്പുഴ മോഡൽ വിഎച്ച്‌എസ്‌എസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ ആദ്യംമുതല്‍ ജി സ്യുട്ട്‌ ഉപയോഗിച്ച് തുടങ്ങി.
 
പരീക്ഷണം വിജയമായതോടെയാണ്‌ ശേഷിക്കുന്ന വൊക്കേഷണൽ ഹയർസെക്കൻഡറികളിലും ഉപയോഗിക്കാൻ തീരുമാനിച്ചത്‌. സ്‌കൂളുകളിലെ അധ്യാപകർക്കുള്ള പരിശീലനം അടുത്ത ആഴ്‌ച ആരംഭിക്കും. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ എന്നിവയ്‌ക്ക്‌ ശേഷം യുപി, എൽപി ക്ലാസുകളും സമ്പൂർണമായി ജി സ്യുട്ടിലേക്ക്‌ മാറും.
 
നിലവിൽ ഗൂഗിൾ മീറ്റിലൂടെയാണ്‌ ക്ലാസ്‌. സ്കൂളിന് പുറത്തുള്ളവരുടെ നുഴഞ്ഞുകയറ്റം ഗൂഗിൾ മീറ്റ്‌ ക്ലാസുകൾക്ക് ഭീഷണിയാണ്. ലിങ്ക്‌ കുട്ടികളിൽനിന്ന്‌ കരസ്ഥമാക്കുന്ന ഇവർ അധ്യാപകരെ ക്ലാസെടുക്കാൻ സമ്മതിക്കാത്ത അവസ്ഥയുണ്ട്. പരാതി വ്യാപകമായതോടെയാണ്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്‌) ഗൂഗിളുമായി സഹകരിച്ച്‌ ജി സ്യുട്ട്‌ ഉപയോഗിക്കാൻ തീരുമാനിച്ചത്‌. 
വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്വകാര്യത സംരക്ഷണം, സുരക്ഷിതത്വം എന്നിവ‌ ജി സ്യുട്ടിന്റെ പ്രത്യേകതയാണ്.
 
വിദ്യാർഥികൾക്കും അധ്യാപകർക്കും ലോഗിൻ ചെയ്യാനുള്ള മെയിൽ ഐഡിയും പാസ്‌വേഡും കൈറ്റ്‌ നൽകും. സ്‌കൂളിലെ അഡ്‌മിഷൻ നമ്പർ ഉൾപ്പെടുത്തിയാണ് ഐഡി. ഒരാൾക്ക് മാത്രമേ ലോഗിൻ ചെയ്യാനാകൂ. പൊതു ഡൊമൈനിൽ എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല. ‘അജ്ഞാതരായി’ പ്രവേശിക്കുന്നവരെ ട്രാക്ക് ചെയ്യാമെന്ന് കൈറ്റ്‌ ജില്ലാ കോ ഓർഡിനേറ്റർ  ഋഷി നടരാജൻ പറഞ്ഞു.
 
നവംബറോടെ മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top