24 April Wednesday

മാസ്‌കിനൊപ്പം മസ്‌റ്റാണ്‌ ഹെൽമറ്റ്‌

നന്ദു വിശ്വംഭരൻUpdated: Tuesday Jun 30, 2020
ആലപ്പുഴ
ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാക്കിയത്‌ കോവിഡ്‌ കാലത്ത്‌ ജനം മറന്നമട്ടാണ്. ലോക്ക്ഡൗൺ കാലയളവിൽ പരിശോധന ഒഴിവാക്കിയതോടെയാണ് ഇരുചക്രവാഹനക്കാരിൽ ഭൂരിഭാഗവും ഹെൽമെറ്റ്‌ ഉപക്ഷിച്ചത്‌. ഡിസംബർ രണ്ടാം വാരമാണ് പിൻസീറ്റിൽ യാത്രചെയ്യുന്നവർക്ക് ഉൾപ്പെടെ ഹെൽമെറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങിയത്.  
 പുറകിലിരുന്ന്‌‌ യാത്രചെയ്യുന്നവർക്ക്‌ ഹെൽമെറ്റ് നിർബന്ധമാക്കിയതിന്റെ മൂന്നാം മാസമാണ് കോവിഡ് ബാധയെത്തുടർന്ന്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രോഗവ്യാപന ഭീതിയിൽ പരിശോധനയും സ്വഭാവികമായി നിലച്ചു. ഇതോടെ നിയമം പാലിക്കുന്നവരുടെ എണ്ണം ക്രമേണ കുറഞ്ഞു.
 ലോക്ക്‌ ഡൗൺ പിൻവലിച്ചതോടെ റോഡിൽ വാഹനങ്ങൾ വർധിച്ചതിന്‌ പിന്നാലെ അപകടങ്ങളും മരണങ്ങളും വർധിക്കാനും തുടങ്ങി. കഴിഞ്ഞ ദിവസം അമ്പലപ്പുഴയിലുണ്ടായ രണ്ട്‌ യുവാക്കളുടെ മരണമാണ്‌ ഇതിൽ ഒടുവിലത്തേത്‌. 
 ‘‘നിയമവും ബോധവൽക്കരണവുമൊക്കെയായി ജനങ്ങളിൽ നല്ല മാറ്റമുണ്ടായിരുന്നു. വലിയൊരു ശതമാനം ആളുകൾ പിൻസീറ്റിലും ഹെൽമെറ്റ് പതിവാക്കിയതാണ്.
 പ്രത്യേകിച്ച്‌ സ്‌ത്രീകളും യുവാക്കളും. ലോക്ക്ഡൗൺ ആയതോടെ കാര്യങ്ങൾ പഴയ പോലെയായി’’–- ആലപ്പുഴ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ദിലീപ്കുമാർ പറഞ്ഞു.  
 ഡിസംബർ രണ്ടാംവാരംമുതൽ മാർച്ചുവരെ ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ 3038 പേരെ ഹെൽമെറ്റില്ലാതെ പിടികൂടിയിട്ടുണ്ട്. 
ഇതിൽ 1475 പേർക്ക്‌ പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്‌തതിനാണ് നടപടി. ഡിസംബറിൽ 755 കേസുകളിൽ 510 എണ്ണവും പിൻസീറ്റിൽ ഹെൽമെറ്റ്  വയ്‌ക്കാത്തതിനായിരുന്നു. ഇവർക്ക്‌ പിഴ ചുമത്തുന്നതിനൊപ്പം ബോധവൽക്കരണവും നടത്തി. ഏപ്രിൽ, മെയ് മാസങ്ങളിൽ പട്രോളിങ് മാത്രമേ ഉണ്ടായിരുന്നുള്ളു. 
ചെറിയ ദൂരങ്ങളിലേക്ക് യാത്രചെയ്യുന്നവരാണ് കൂടുതലും ഹെൽമെറ്റ് ധരിക്കാത്തവർ. 
 ‌ക‌ൃത്യമായ ഗുണനിലവാരമുള്ള ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്നവർ അഞ്ച് ശതമാനം മാത്രമാണ്. 
പ്രൊഫഷണൽ റൈഡർമാരും സ്ഥിരമായി ബൈക്കിൽ യാത്രചെയ്യുന്നവരിൽ ഭൂരിഭാഗവും മുൻ, പിൻസീറ്റ് വേർതിരിവില്ലാതെ ഹെൽമെറ്റ് ധരിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഡിസംബർമുതൽ 15,19,000 രൂപ പിഴയിനത്തിൽ ഈടാക്കി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top