29 March Friday

വരൂ, കരുതലോടെ ജലയാത്രയാവാം

സ്വന്തം ലേഖകൻUpdated: Tuesday Jun 30, 2020
ആലപ്പുഴ
‘‘അത്യാവശ്യങ്ങൾക്ക്‌ മാത്രമാണ്‌ യാത്ര. അത്‌ കൂടാതെ പറ്റില്ലല്ലോ. കൈനകരി എൻഎസ്‌എസ്‌ ജെട്ടിയിൽ നിന്നാണ് ബോട്ടിൽ‌ കയറുന്നത്‌. ജീവനക്കാർ സുരക്ഷാ കാര്യങ്ങൾ ഉറപ്പാക്കിയേ യാത്രക്കാരെ കയറ്റൂ’’–-  കൈനകരി കുട്ടമംഗലം സ്വദേശി രാമദാസ്‌ യാത്രയിലുടനീളം കരുതലിലാണ്‌. 
മാസ്‌ക്‌ ധരിച്ചും സാമൂഹ്യ അകലം പാലിച്ചിരുന്നും സാനിറ്റെസർ ഉപയോഗിച്ച്‌ അണുനശീകരണം ഉറപ്പാക്കിയുമാണ്‌ രാമദാസിന്റെ ബോട്ട്‌ യാത്രകൾ.  നിയന്ത്രണങ്ങൾ നീക്കിയ‌ ശേഷം 20 തവണയിലേറെ ആലപ്പുഴയ്‌ക്ക് യാത്ര ചെയ്‌തിട്ടുണ്ട് രാമദാസ്‌. നെടുമുടിക്ക്‌ പോകുന്നതും ബോട്ടിലാണ്‌. ആലപ്പുഴയുടെ സാമൂഹ്യജീവിതത്തിൽ  ഏറെ പ്രധാന്യമുണ്ട്‌ ജലഗതാഗതത്തിന്‌. ലോക്ക്‌ഡൗൺ ഇളവിൽ കരുതലോടെ ആരംഭിച്ച ജലഗതാഗതം സാധാരണ നിലയിലേക്ക്‌ എത്തുകയാണ്‌. 
സംസ്ഥാനത്തെ 59 ഷെഡ്യൂളിൽ നാലെണ്ണമൊഴികെ പുനരാരംഭിച്ചു‌. വിനോദ സഞ്ചാരത്തിനുള്ള സർവീസുകളാണ്‌ പുനരാരംഭിക്കാൻ ബാക്കി‌. ബോട്ട്‌ മാത്രം ആശ്രയമായ പാണാവള്ളിയിലെയും പെരുമ്പളത്തെയും എല്ലാ സർവീസുകളും നേരത്തെ ആരംഭിച്ചിരുന്നു. 
 നിയന്ത്രണങ്ങൾ ഒഴിവാക്കിയ ഞായറാഴ്‌ച അത്യാവശ്യം സർവീസുകൾ മാത്രമായിരുന്നു. ബോട്ടിനെ മാത്രം ആശ്രയിക്കുന്ന നിരവധി പ്രദേശങ്ങൾ ആലപ്പുഴയിലുണ്ട്‌. ആദ്യഘട്ടത്തിൽ യാത്രക്കാർ 50 ശതമാനത്തോളമായിരുന്നു. ഇപ്പോൾ യാത്രക്കാർ  75 ശതമാനത്തോളമായി‌. മറ്റ്‌ പൊതുഗതാഗത സംവിധാനങ്ങളേക്കാൾ  യാത്രക്കാർ ബോട്ടുയാത്രയെ ആശ്രയിക്കുന്നുണ്ട്‌. 
 ലോക്ക്‌ഡൗൺ കാലത്ത് ‘ക്ലീനിങ് ചലഞ്ച് ' നടത്തി ജീവനക്കാർ എല്ലാ ബോട്ടുകളും അണുവിമുക്തണമാക്കിയിരുന്നു.‌ 
ഇപ്പോൾ രാവിലെയും വൈകിട്ടും സർവീസുകൾക്കിടെയും ബോട്ട്‌ അണുവിമുക്തമാക്കുന്നു‌. ജീവനക്കാർക്കാണ്‌ ഇതിന്റെ ചുമതല. യാത്രക്കാർക്കായി ബോട്ടുകളിൽ സാനിറ്റെസറും സോപ്പും ബക്കറ്റിൽ വെള്ളവുമുണ്ട്‌. 
ജീവനക്കാർക്ക്‌ ഫെയ്സ് ഷീൽഡ്‌
കോവിഡ്‌ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാനായി ബോട്ടിലെ ജീവനക്കാർക്ക്‌ ഫെയ്സ് ഷീൽഡ്‌ നൽകും. 800 ഫെയ്സ് ഷീൽഡ്‌ ജലഗതാഗത വകുപ്പ്‌ വാങ്ങിയതായും ബുധനാഴ്‌ച  ഇവ വിതരണം ചെയ്യുമെന്നും ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top