20 April Saturday

പിടികൊടുക്കാത്ത അർബുദം .. (കൊല്ലരുത് കായൽ, കരുതാം നാളേയ്ക്ക് )

സിബി ജോർജ് Updated: Thursday Mar 30, 2023

പോളനിറഞ്ഞ കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ ബോട്ട് തിരിക്കാൻ പ്രയാസപ്പെടുന്ന ജീവനക്കാർ

 

വേമ്പനാട്ടുകായലിന്റെ  തീരഗ്രാമങ്ങളിൽ അർബുദം പിടിമുറുക്കുന്നതായി സ്ഥിരീകരണമുണ്ടെങ്കിലും ഔദ്യോഗിക പഠനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. പക്ഷെ പുതുതായി രോഗികളാകുന്നവരും മരണവും കൂടുകയാണ്‌.  കീടനാശിനികളുടെയും രാസവളങ്ങളുടെയും അനിയന്ത്രിത ഉപയോഗം അർബുദവുമായി ബന്ധപ്പെടുത്തുന്നവരുണ്ട്‌.  പാടശേഖര മേഖലകളിൽ രോഗികൾ വർധിക്കുന്നതും കാരണമായി പറയാം.  

കുഫോസിന്റെ റിപ്പോർട്ടിലും കായലിൽ ജീവജാലങ്ങൾക്ക്‌ ഭീഷണിയായ കീടനാശിനിയുടെ സാന്നിധ്യം എടുത്തുപറയുന്നുണ്ട്‌. തോടുകൾക്കും നദികൾക്കും കായലാണ്‌ ജലസംഭരണി. നെൽപ്പാടങ്ങളിൽ അനിയന്ത്രിത അളവിൽ കീടനാശിനികളും വളങ്ങളും ഉപയോഗിക്കുന്നു. ശാസ്‌ത്രീയ കൃഷിരീതിയല്ല തുടരുന്നതെന്ന്‌ വ്യക്തം. കൊയ്‌ത്ത്‌ കഴിഞ്ഞാൽ പാടത്ത്‌ വെള്ളം കയറ്റും. വിഷാംശം നിറയുന്ന ഈ വെള്ളം അടുത്ത കൃഷിക്ക്‌ മുമ്പായി പമ്പ്‌ ചെയ്‌ത്‌ പുറത്തേക്ക്‌ ഒഴുക്കുന്നതാണ്‌ രീതി. കായൽ സാമീപ്യമുള്ള പഞ്ചായത്തുകളിലെ അർബുദവർധന സംബന്ധിച്ച്‌  ‘അതിജീവനത്തിനായി കേഴും കുട്ടനാട്‌’ എന്ന ഗ്രന്ഥത്തിൽ എഴുത്തുകാരൻ ചെറുകര സണ്ണി ലൂക്കോസ്‌ പഠനവിധേയമാക്കിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ്‌ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ ചില റിപ്പോർട്ടുകളാണ്‌ അതിന്‌ ആധാരം. എല്ലാ മാസവും പുതുതായി രണ്ട്‌ അർബുദ രോഗമെങ്കിലും സ്ഥിരീകരിക്കുന്നുണ്ടെന്ന്‌ കുമരകത്തെ  ആരോഗ്യപ്രവർത്തക പറയുന്നു. സർക്കാർ ആശുപത്രികളിലെ രേഖകളിൽ പാവപ്പെട്ട രോഗികളുടെ കണക്കുണ്ടാകും. എന്നാൽ സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങൾ സ്വകാര്യചികിത്സ തേടുന്നുണ്ട്‌. രോഗികളുടെ എണ്ണം അനിയന്ത്രിതമാകുന്നുണ്ടെന്ന സൂചനയാണ്‌ അവർ പങ്കുവച്ചത്‌.
നെൽച്ചെടികൾക്ക്‌ നൽകുന്ന മരുന്നുകളിൽ 20 ശതമാനം മാത്രമാണ്‌ ചെടി വലിയ്‌ക്കുന്നതെന്ന്‌ അന്താരാഷ്ട്ര കായൽ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ ജി പദ്‌മകുമാർ പറഞ്ഞു. ബാക്കി 80 ശതമാനവും വെള്ളത്തിൽ കലരുന്നു. ഹരിതസംരക്ഷണം നൽകുന്നതും എളുപ്പം ലയിക്കാത്തതുമായ വളങ്ങളാണ്‌ വേണ്ടത്‌. ഇ കോളി ബാക്ടീരിയ ജലത്തിൽ പെരുകുന്നതാണ്‌ മറ്റൊരു പ്രതിസന്ധി. ഇ കോളി നേരിട്ട്‌ ഭീഷണിയല്ലെങ്കിലും രോഗാണുക്കൾ അടങ്ങിയിട്ടുണ്ട്‌.  പുന്നമടക്കായലിൽ 100 മില്ലിലിറ്റർ ജലത്തിൽ പതിനായിരം ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തി. ശബരിമല സീസൺ കഴിഞ്ഞാൽ പമ്പാനദിയിൽ ഒരു ലക്ഷം വരെയുണ്ട്‌ –-പദ്‌മകുമാർ   -പറഞ്ഞു.  

ആദ്യം മത്സ്യരോഗം, ഒടുവിൽ പക്ഷിപ്പനി

1991ലാണ്‌ കായലിലേതടക്കം മത്സ്യങ്ങൾക്ക്‌ രോഗം ബാധിച്ചത്‌. കരിമീനും വരാലുമെല്ലാം കൂട്ടത്തോടെ ചത്തുപൊങ്ങി. ക്യാൻസർബാധ പോലെ തൊലിപ്പുറത്ത്‌ വ്രണമാണ്‌ മത്സ്യങ്ങളിൽ കണ്ടെത്തിയത്‌. ആ പ്രതിസന്ധി തൽക്കാലമൊന്ന്‌ ശമിച്ചപ്പോഴാണ്‌ പക്ഷിപ്പനി. 2014 മുതൽ പക്ഷിപ്പനിയുടെ പിടിയിലാണ്‌ കായലോര മേഖലകൾ. 

രോഗലക്ഷണമാണ് കുളവാഴ

കായലോര ഗ്രാമങ്ങളെയെല്ലാം രോഗാതുരമാക്കുന്നതിൽ മുഖ്യപങ്കുണ്ട്‌ കുളവാഴ എന്ന പോളകൾക്ക്‌.  ജലജന്യ രോഗങ്ങൾക്കും കായൽ ഗതാഗതത്തിനും ഭീഷണി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ താഴ്‌ത്തിയിടുന്ന മാസങ്ങളിൽ പോള പെരുകും.  വെള്ളത്തിൽ ഓക്‌സിജന്റെ അളവിനെ ഇല്ലാതാക്കുന്ന ഇവ മത്സ്യസമ്പത്തും നശിപ്പിക്കും. കുളവാഴ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെ ചെലവഴിച്ച കോടിക്കണക്കിന്‌ രൂപയും വെള്ളത്തിലായി.
 
ഒന്നാം ഭാഗം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top