27 April Saturday

പാവങ്ങളുടെ വേഷം വേദനിപ്പിച്ചു; ഗാന്ധിജി അൽപ്പവസ്‍ത്രധാരിയായി

ലെനി ജോസഫ്Updated: Monday Jan 30, 2023
 
ആലപ്പുഴ
ഗാന്ധിജി നാഥുറാം ഗോഡ്‌സെയാൽ കൊല്ലപ്പെടുമ്പോൾ മുട്ടറ്റംവരെയുള്ള മുണ്ടും തോൾമൂടുന്ന ഷാളുമായിരുന്നു വേഷം. ജീവിതത്തിന്റെ അവസാന കാൽനൂറ്റാണ്ടിലും ഇതുതന്നെയായിരുന്നു വേഷം. ‘അർധനഗ്നനായ ഫക്കീർ’ എന്നു വിൻസ്‌റ്റൺ ചർച്ചിൽ പരിഹസിക്കാനിടയാക്കിയ ആ വേഷത്തിലേക്കു ഗാന്ധിജി മാറിയതിന്റെ പിന്നിൽ പാവങ്ങളോടുള്ള ഐക്യപ്പെടലിന്റെ ഒരു ചരിത്രമുണ്ട്‌. അതിൽ ഒരു മലയാളിയും കഥാപാത്രമാണ്‌. ചെങ്ങന്നൂർ ഈരയിൽ കുടുംബത്തിൽ സി ഐ ജോസഫിന്റെയും സാറാമ്മയുടെയും മകനായി ജനിച്ച സ്വാതന്ത്ര്യസമര സേനാനി ബാരിസ്‌റ്റർ ജോർജ്‌ ജോസഫ്‌.  
ചെറുപ്പത്തിൽ പാന്റ്‌സും ഷൂസും കോട്ടുമണിഞ്ഞാണ്‌ ഗാന്ധിജി നടന്നിരുന്നത്‌. പിന്നീട്‌ ദക്ഷിണാഫ്രിക്കയിൽനിന്ന്‌ മടങ്ങുമ്പോൾ അവിടത്തെ ഗുജറാത്തി തൊഴിലാളികളുടെ വെള്ള കൂർത്തയും ദോത്തിയുമാക്കി. ഗാന്ധിജി തന്റെ ഉറ്റ അനുയായിയായ ബാരിസ്‌റ്റർ ജോർജ്‌ ജോസഫിന്റെ മധുരയിലെ വീട്ടിൽ ഒരിക്കൽ താമസിച്ചു. മോത്തിലാൽ നെഹ്‌റുവിന്റെ ‘ഇൻഡിപെൻഡന്റി’ന്റെയും ഗാന്ധിജിയുടെ ‘യംഗ്‌ ഇന്ത്യ’യുടെയും പത്രാധിപരായിരുന്നു ജോർജ്‌ ജോസഫ്‌. മധുരയിലെ വീട്ടിൽ ഗാന്ധിജിയെ കാണാൻ വന്നവരൊക്കെ അൽപ്പവസ്‌ത്രധാരികളായിരുന്നു. ഗാന്ധിജി ജോർജ്‌ ജോസഫിനോട്‌ കാര്യമന്വേഷിച്ചപ്പോൾ അവരുടെ ദാരിദ്ര്യംകൊണ്ടാണെന്നായിരുന്നു മറുപടി. ഗാന്ധിജിയുടെ ഉറക്കംകെടുത്തിയ രാത്രിയായിരുന്നു അത്‌. വെളുക്കുംവരെ ഗാന്ധിജി അതേപ്പറ്റി ചിന്തിച്ചുകിടന്നു. പിറ്റേന്നു പുലർച്ചെ അദ്ദേഹം പുറത്തുവന്നത്‌  മുട്ടറ്റംവരെയെത്തുന്നു മുണ്ടും തോൾമൂടുന്ന ഷാളും ധരിച്ചായിരുന്നു. 1923ലാണ്‌ സംഭവം. പിന്നീട്‌ വിദേശയാത്രകളിലടക്കം ഒരിടത്തും അദ്ദേഹം മറ്റുവസ്‌ത്രം ധരിച്ചില്ല.  
 വൈക്കം സത്യഗ്രഹത്തിലും നിവർത്തന പ്രക്ഷോഭത്തിലും ഹോംറൂൾ പ്രസ്ഥാനത്തിലും സൈമൺ കമീഷനെതിരായ സമരത്തിലുമൊക്കെ ജോർജ്‌ ജോസഫ്‌ പങ്കെടുത്തു. തൊഴിലാളി പ്രവർത്തകൻകൂടിയായ അദ്ദേഹം മധുരയിൽ റോസാപ്പൂദുരൈ എന്നാണ്‌ അറിയപ്പെടുന്നത്‌. പ്രമുഖ പത്രപ്രവർത്തകനായ പോത്തൻ ജോസഫിന്റെ സഹോദരനാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top