29 March Friday

മാലിന്യസംസ്‌കരണ പ്ലാന്റിന്‌ വഴിയൊരുങ്ങി

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023

ചേർത്തലയിൽ ശൗചാലയ സംസ്‌കരണ പ്ലാന്റ്‌ നിർമിക്കുന്നത് സംബന്ധിച്ച് മന്ത്രി എം ബി രാജേഷിന്റെ 
നേതൃത്വത്തിൽ ചേർന്ന യോഗത്തിൽനിന്ന്‌

ചേർത്തല
നഗരസഭാ നേതൃത്വത്തിൽ ശൗചാലയ മാലിന്യസംസ്‌കരണ പ്ലാന്റ്‌ നിർമിക്കുന്നതിലെ തടസം ഒഴിയുന്നു. മന്ത്രി എം ബി രാജേഷിന്റെ ഇടപെടലിലാണ്‌ നിർമാണത്തിലെ കുരുക്കഴിയുന്നത്‌. 
തിരുവനന്തപുരത്ത് മന്ത്രിയുടെ ചേമ്പറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പ്ലാന്റിനെതിരെ നിലനിന്ന എതിർപ്പ്‌ പരിഹരിക്കാൻ ധാരണയായത്. നഗരസഭയുടെ അധീനതയിൽ ആനതറവെളി ശ്‌മശാനഭൂമിയാണ്‌ പദ്ധതിസ്ഥലം. സെപ്റ്റിക്‌ ടാങ്ക് മാലിന്യം സംസ്‌കരിക്കാനാണ് ആധുനിക പ്ലാന്റ്‌. 
പ്രതിദിനം 250 കിലോലിറ്റർ ശേഷിയുള്ള പ്ലാന്റ് നിർമിക്കാൻ 7.35 കോടി രൂപ റീബിൽഡ് കേരള പദ്ധതിയിൽ സർക്കാർ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം ആദ്യമാണ്‌ പദ്ധതിക്ക്‌ അനുമതി ലഭിച്ചത്‌. നിർദിഷ്‌ട പ്ലാന്റ്‌ പരിസരത്തെ രണ്ട്‌ ആശുപത്രികളുടെ മാനേജ്മെന്റ്‌ ഹൈക്കോടതിയെ സമീപിക്കുകയും നിർമാണം പ്രതിസന്ധിയിലാകുകയുംചെയ്‌തു.
  അടുത്തിടെ കേസുകൾ ഹൈക്കോടതി തള്ളുകയും പരാതിക്കാർ സർക്കാരിനെ സമീപിക്കാൻ നിർദേശിക്കുകയുംചെയ്‌തു. ഇതോടെയാണ് മന്ത്രി എം ബി രാജേഷ്‌ വിഷയത്തിൽ ഇടപെട്ടത്. ആശുപത്രി മാനേജ്മെന്റ്‌ പ്രതിനിധികൾ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, നഗരസഭാധികൃതർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം അദ്ദേഹം വിളിച്ചു. ആശങ്കകൾക്ക് മന്ത്രി വിശദീകരണം നൽകി. തിരുവനന്തപുരം മുട്ടത്തറയിലെയും മെഡിക്കൽ കോളേജിലെയും ശുചിമുറി മാലിന്യസംസ്‌കരണ പ്ലാന്റുകൾ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടാനും അദ്ദേഹം നിർദേശിച്ചു. 
 ഒന്നിന് നഗരസഭാ നേതൃത്വത്തിൽ പരാതിക്കാരെ പ്ലാന്റുകളിൽ കൊണ്ടുപോയി പ്രവർത്തനം ബോധ്യപ്പെടുത്താൻ തീരുമാനിച്ചു. മന്ത്രി ചേർത്തലയിലെത്തി പരിസരവാസികളുടെ ആശങ്കയകറ്റാനും 10ന്‌ മുമ്പ്‌ പ്ലാന്റിന്‌ കല്ലിടാനും യോഗത്തിൽ ധാരണയായി.
പരാതിക്കാർക്ക് പുറമെ മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്‌ടാവ് ഡോ. എം സി ദത്തൻ, തദ്ദേശവകുപ്പ് (നഗരകാര്യം) ജോയിന്റ് ഡയറക്‌ടർ കെ ഹരികുമാർ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം സുരേശൻ, നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, ഉപാധ്യക്ഷൻ ടി എസ് അജയകുമാർ, സെക്രട്ടറി ടി കെ സുജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചേർത്തല താലൂക്കിൽ പൊതുയിടങ്ങളിലും ജലാശയങ്ങളിലും ശുചിമുറിമാലിന്യം തള്ളുന്നത് പതിവായതോടെയാണ് പ്ലാന്റ്‌ അടിയന്തരമായി സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top