26 April Friday

അഭിമന്യു അവാർഡ് 
ശ്രീ അയ്യപ്പാ കോളേജിന് നാളെ സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022
ചെങ്ങന്നൂർ
മികച്ച കോളേജ് യൂണിയന്‌ ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമ അഭിമന്യു അവാർഡ് ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജിന് 30ന്‌ സമ്മാനിക്കും. രാവിലെ 10ന് ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുരസ്‌കാരം സമർപ്പിക്കും. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകും.  
കവി സച്ചിദാനന്ദൻ, ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ ഡോ. പി എസ് ശ്രീകല, നിരൂപകൻ ഇ പി രാജഗോപാൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്. എറണാകുളത്ത്‌ നടന്ന അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി ആർ ബിന്ദുവാണ് അവാർഡ് പ്രഖ്യാപിച്ചത്. 18 കിലോ വെങ്കലത്തിൽ മൂന്നടി ഉയരത്തിൽ ശിൽപ്പി  ഉണ്ണി കാനായിയാണ് രക്തസാക്ഷി അഭിമന്യുവിന്റെ പേരിലെ എവറോളിങ് ട്രോഫി തയാറാക്കിയത്‌.   
അവാർഡ് ശിൽപ്പവുമായി യാത്ര കണ്ണൂരിൽ എം വിജിൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. 30ന് രാവിലെ ചെങ്ങന്നൂരിൽ എത്തുന്ന ശിൽപ്പം അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡോ. കെ ബിജുവിൽനിന്ന്‌ കേരളാ സർവകലാശാലാ സിൻഡിക്കറ്റംഗം അഡ്വ. കെ എച്ച് ബാബുജാൻ  ഏറ്റുവാങ്ങും. വെബ്സൈറ്റ് ലിങ്ക് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യും.  
അഭിമന്യുവിന്റെ കുടുംബാംഗങ്ങളെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ആദരിക്കും. അസോസിയേഷൻ സംസ്ഥാന സംസ്ഥാന സെക്രട്ടറി ഡോ. ടി ആർ മനോജ് കോളേജ് യൂണിയനുകൾക്ക്‌ മാർഗരേഖ അവതരിപ്പിക്കും.
ശിൽപ്പി ഉണ്ണി കാനായിയെ ഡോ. അജയകുമാർ ആദരിക്കും.
 സ്വാഗതസംഘം ചെയർമാൻ സജി ചെറിയാൻ എംഎൽഎ, വർക്കിങ് ചെയർമാൻ കെ എച്ച് ബാബുജാൻ, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. ജോജി അലക്‌സ്‌, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ, ഡോ. ടി ആർ മനോജ്, അൻവർ ഹുസൈൻ, എം ശശികുമാർ,  എം എച്ച് റഷീദ്, സോനു കുരുവിള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർഥിയായിരിക്കെ 2018 ജൂലൈ രണ്ടിനാണ്‌ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിനെ വർഗീയശക്തികൾ കുത്തിക്കൊലപ്പെടുത്തിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top