26 April Friday
വെള്ളമിറങ്ങിയില്ല

പുഞ്ചകൃഷി 2200 ഹെക്‌ടറിൽ മാത്രം

അഖിൽ കെ രാജുUpdated: Monday Nov 29, 2021
ആലപ്പുഴ
കനത്ത മഴമൂലം വയലുകളിൽ വെള്ളം കയറിയതോടെ ജില്ലയിൽ പ്രതീക്ഷിച്ച രീതിയിൽ പുഞ്ചകൃഷി തുടങ്ങാനായില്ല.  ഈ വർഷം  കൃഷി ഇറക്കിയത് 2200  ഹെക്‌ടറിലാണ്‌. 
 ശരാശരി 28,000 ഹെക്‌ടറിലാണ്‌ കൃഷി ചെയ്യാറ്‌.  വെള്ളം ഇറങ്ങാത്തതുമൂലം കൃഷിക്കായി വയൽ ഒരുക്കാനായിട്ടില്ല. പലയിടത്തും രണ്ടാംകൃഷി കൊയ്‌തു തീരുന്നതേയുള്ളൂ.
 പാടത്ത്‌  വെള്ളം താഴാത്തതിനാൽ മോട്ടോർ ഉപയോഗിച്ച്‌ വെള്ളം വറ്റിക്കാനായിട്ടില്ല. നവംബറിലാണ്‌ സാധാരണ പുഞ്ചകൃഷി ആരംഭിക്കുക. ഇത്തവണ ഭൂരിഭാഗം കൃഷിയും ഡിസംബറിലേ തുടങ്ങാനാകൂ.
 
വേണ്ടത്‌ അങ്കുരണ
ശേഷി കൂടിയ വിത്ത്‌  
 
പുഞ്ചകൃഷിക്കായി നെൽവിത്ത് മുളപ്പിക്കുന്നതിന്  ശരാശരി 95 ശതമാനം അങ്കുരണശേഷി നേടിയ വിത്ത്‌ ഉപയോഗിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി എ ശ്രീരേഖ അറിയിച്ചു. വിതയ്ക്ക്‌ മുമ്പ് വിത്ത് സ്യൂഡോമോണസ് ഫ്ലൂറസന്റ്‌ എന്ന ജൈവ കുമിൾ ലായനിയിൽ (ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ) 12–--16 മണിക്കൂർ കുതിർത്ത് വച്ച ശേഷം വെള്ളം നന്നായി വാർത്തുകളയണം.
 ഈ വിത്ത് നനഞ്ഞ ചണച്ചാക്ക് ഉപയോഗിച്ച് പൊതിഞ്ഞുവയ്‌ക്കണം. 24 മണിക്കൂറിനു ശേഷം ജലാംശം കുറയുന്നതുകണ്ടാൽ  വെള്ളം തളിച്ചുകൊടുക്കണം. 
 ചൂട് കൂടിയോ ഈർപ്പം കുറഞ്ഞോ നശിക്കരുത്‌. തടയ്‌ക്കുവെച്ച മുളപൊട്ടിയ വിത്ത് 34-–-36 മണിക്കൂറുകൾക്കുശേഷം വിതയ്‌ക്കാം. പഴക്കംചെന്ന വിത്താണെങ്കിൽ രണ്ടുമണിക്കൂർ അധികം കുതിർത്ത് വയ്‌ക്കണം. 
ഉമ പോലെ ചില നെല്ലിനങ്ങളുടെ വിത്ത് കൊയ്‌ത്‌‌ ഉണക്കിയ ഉടനെ കിളിർപ്പ് പ്രകടിപ്പിക്കില്ല. ഇത് മാറ്റുന്നതിന് 6.3 മില്ലീലിറ്റർ ഗാഡ നൈട്രിക് ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച ലായനിയിൽ ഒരു കിലോഗ്രാം 12–--16 മണിക്കൂർ മുക്കിവച്ച ശേഷം വെള്ളം വാർത്ത് മുളയ്‌ക്കാൻ വയ്‌ക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top